Kerala
Public Education dept printing question paper for non-existent examination
Kerala

ഇല്ലാത്ത പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അച്ചടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്; പാഴായത് 18 ലക്ഷത്തോളം രൂപ

Web Desk
|
11 Dec 2023 1:22 AM GMT

ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക പരീക്ഷ മാത്രമാണ് നടത്താറ് എന്നിരിക്കെയാണ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറെത്തിയത്.

കോഴിക്കോട്: അര്‍ധവാര്‍ഷിക പരീക്ഷയില്ലാത്ത ഹയര്‍ സെക്കൻഡറി ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ചോദ്യപേപ്പര്‍ അച്ചടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇല്ലാത്ത പരീക്ഷയ്ക്കായി ആറ് ലക്ഷത്തിലേറെ ചോദ്യപേപ്പറുകളാണ് സ്കൂളുകളിലേക്കയച്ചത്.

ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക പരീക്ഷ മാത്രമാണ് നടത്താറ്. എന്നാല്‍ ഡിസംബര്‍ 12ന് തുടങ്ങിയ റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള അര്‍ധ വാര്‍ഷിക പരീക്ഷാ ചോദ്യപേപ്പറിനൊപ്പം ഓപ്പണ്‍ സ്കൂളിനുള്ള ചോദ്യപേപ്പറുകള്‍ കൂടി സ്കൂളുകളിലെത്തി.

പ്ലസ് വണ്ണിനും പ്ലസ്ടുവിനുമായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ടിയാണ് ഇല്ലാത്ത പരീക്ഷയുടെ ആറ് ലക്ഷം ചോദ്യപേപ്പറുകള്‍ അച്ചടിച്ചുകൂട്ടിയത്.

അതേസമയം, കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നു. വീഴ്ച അന്വേഷിക്കാന്‍ ആര്‍ഡിഡിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

Similar Posts