പ്രതി ചെയ്തത് ക്രൂരമായ കൊലപാതകം; സനു മോഹന് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍
|വൈഗയെ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ കണ്ടെത്തലാണ് പ്രോസിക്യൂഷന് കൂടുതൽ ബലം നൽകിയത്
കൊച്ചി: സനു മോഹന് അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ബിന്ദു മീഡിയവണിനോട് പറഞ്ഞു. കേസിൽ സാക്ഷികളാരും കൂറുമാറാത്തത് നേട്ടമാകും. കൊലപാതകത്തിൽ നിർണായകമായത് സാഹചര്യ തെളിവുകളാണ്. വൈഗയെ പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ കണ്ടെത്തലാണ് പ്രോസിക്യൂഷന് കൂടുതൽ ബലം നൽകിയത്. പ്രതി ചെയ്തത് ക്രൂരമായ കൊലപാതകമെന്നും അഡ്വ. ബിന്ദു പറഞ്ഞു.
13 വയസായ വൈഗയെ ശീതളപാനീയത്തിൽ മദ്യം നൽകി അബോധാവസ്ഥയിലാക്കി സനു മോഹൻ മുട്ടാർ പുഴയിലെറിഞ്ഞെന്നാണ് കേസ്. കൊലപാതകം, കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ മദ്യം നൽകുക, തെളിവ് നശിപ്പിക്കുക, എന്നീ വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടും സനു മോഹനെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് അന്വേഷണ സംഘം തെളിവ് ശേഖരിച്ചത്. സനുവിന്‍റെ ഉപേക്ഷിച്ച മൊബൈൽ ഫോണ്‍ ബിഹാറിൽ നിന്നും വസ്ത്രങ്ങളുടെ വിവിധ ഭാഗങ്ങൾ മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചു. 134 തൊണ്ടിമുതലുകളും 34 രേഖകളും തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.