ജനകീയ തിരച്ചിൽ തുടരും, ആദ്യ ലക്ഷ്യം താൽക്കാലിക പുനരധിവാസം: പി.എ മുഹമ്മദ് റിയാസ്
|ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 229
മേപ്പാടി: ഉരുൾ ദുരന്തത്തിൽ കാണാതായവർക്കായുള്ള ജനകീയ തിരച്ചിൽ നാളെയും തുടരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലെ തിരച്ചിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സേനാംഗങ്ങളുടെ രാവിലെ 7 മണിക്ക് മുണ്ടേരി ഫാം ഏരിയയിൽ നിന്നാണ് തിരച്ചിൽ ആരംഭിക്കുക. പരപ്പൻ പാറ മുതൽ മുണ്ടേരി വരെ ഒരു സെക്ടർ ആയാണ് തിരച്ചിൽ നടക്കുക. അട്ടമലയിൽ ഇന്ന് നടത്തിയ തിരച്ചിലിൽ അസ്ഥികൂടം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് മനുഷ്യന്‍റേതാണോ എന്ന് പരിശോധിക്കണം. ഇത് പോസ്റ്റ്മോർട്ടം നടത്തും.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസത്തിനാണ് പ്രഥമ പരിഗണനയെന്നും മന്ത്രി കൂട്ടിച്ചേർത്തു. താൽക്കാലിക പുനരധിവാസമാണ് ആദ്യത്തെ ലക്ഷ്യം. താമസിക്കാൻ ഏതു പഞ്ചായത്ത് വേണമെന്ന് ആളുൾക്ക് തിരഞ്ഞെടുക്കാം. ഇതിനായി 253 വാടക വീടുകൾ കണ്ടെത്തിയിട്ടുണ്ട്. വാടക വീടുകളിലേക്ക് ഫർണിച്ചർ ഉൾപ്പെടെ ഉള്ള കാര്യങ്ങൾക്കായി ബേസിക് കിറ്റ് തയ്യാറാക്കും. അദ്ദേഹം പറഞ്ഞു.
ഇതുവരെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 229 ആയി. ഇതിൽ 178 എണ്ണം തിരിച്ചറിഞ്ഞു. ഇന്ന് നടത്തിയ തിരച്ചിലിൽ 3 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 90 ഡി.എൻ.എ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്.