പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ഉമ്മൻചാണ്ടിയെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയിക്കുമെന്ന് വി.ഡി സതീശൻ
|സംസ്ഥാന കേന്ദ്ര സർക്കാറുകളെ ജനങ്ങൾക്കുള്ളിൽ വിചാരണ നടത്താനുള്ള അവസരമാണിതെന്നും സതീശൻ പറഞ്ഞു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന കേന്ദ്ര സർക്കാറുകളെ ജനങ്ങൾക്കുള്ളിൽ വിചാരണ നടത്താനുള്ള അവസരമാണിതെന്നും സതീശൻ പറഞ്ഞു.
മണിക്കൂറുകൾക്കകം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. പുതുപള്ളിയിൽ തെരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും അരംഭിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ട്. പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയിൽ ഇരു സർക്കാറുകളെയും വിചാരണ ചെയ്യും. ആശയപരമായും രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പിനെ നേരിടും. തൃക്കാക്കര തെരെഞ്ഞടുപ്പിലേതു പോലെ മുഴുവൻ നേതാക്കളും ഒരു ടീമായി നിന്ന് കൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കുമെനന്ന് സതീശൻ പറഞ്ഞു.
ഉമ്മൻചാണ്ടി 53 വർഷം പ്രതിനിധീകരിച്ച പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെയാവും യുഡിഎഫ് സ്ഥാനാർത്ഥി. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൻറെ കൂടി താൽപര്യ പ്രകാരം ചാണ്ടി ഉമ്മനെ ഹൈക്കമാൻഡ് അനുമതിയോടെ കോൺഗ്രസ് നേതൃത്വം ഉടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഉമ്മൻചാണ്ടിയോടുള്ള ആദരവ് വോട്ടായി മാറുമെന്നും വിജയം സുനിശ്ചിതമാണെന്നും യു.ഡി.എഫ് ക്യാംപ് ഉറപ്പിക്കുന്നു.