പൂരനഗരിയില്‍ ഇന്ന് പുലികളിറങ്ങും; ഓണാഘോഷത്തിന് സമാപനം
|അഞ്ച് ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്
തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ ഇന്ന് പുലികളിറങ്ങും. അഞ്ച് ദേശങ്ങളാണ് ഇത്തവണ പുലികളിയിൽ പങ്കെടുക്കുന്നത്. പുലികളിയോടനുബന്ധിച്ച് ഇന്ന് ഉച്ചക്ക് 12 മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.
കടുത്ത വർണങ്ങളണിഞ്ഞ പുലിവീരൻമാരും പെൺപുലികളും കുട്ടിപ്പുലികളും തൃശൂർ നഗരത്തെ വളയുന്ന സുന്ദരമായ കാഴ്ചക്കൊപ്പം നാട് ഒന്നാകെ ഇന്ന് പുലിക്കളി ആവേശത്തിലാകും. പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി എന്ന് തുടങ്ങി കരിമ്പുലിയും ഹിമപ്പുലിയും വരെ നഗരം കീഴടക്കും. പുലർച്ചെ മുതൽ പുലിമടകളിൽ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിയ്യൂർ സെന്‍റര്‍, സീതാറാം മിൽ, കാനാട്ടുകര ദേശം, അയ്യന്തോൾ, ശക്തൻ പുലിക്കളി എന്നിവയാണ് ഇത്തവണത്തെ സംഘങ്ങൾ. ഓരോ മടയിൽ നിന്നും 51 വരെ പുലികളും പുലിക്കൊട്ടുകാരും ഉണ്ടാകും.
ഓരോ പുലികളി സംഘവും സസ്‌പെൻസായി അവതരിപ്പിക്കുന്ന പുലികൾ പുലികളിയിലെ ആവേശ കാഴ്ചയാണ്. പുലികളിയോടനുബന്ധിച്ച് ഇന്ന് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. പൊതുവാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കാതെ ഔട്ടർ സർക്കിളിലൂടെ തടസമില്ലാതെ സഞ്ചരിക്കണം. സ്വകാര്യ വാഹനങ്ങൾ അത്യാവശ്യത്തിനല്ലാതെ, തൃശൂർ നഗരത്തിലേക്ക് വരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.