പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്; സജീവൻ കൊല്ലപ്പള്ളിയെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും
|കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കഴിഞ്ഞ ദിവസം സജീവൻ കൊല്ലപ്പള്ളി ഇഡിയുടെ പിടിയിലായത്
വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രാദേശിക നേതാവ് സജീവൻ കൊല്ലപ്പള്ളി ഇന്ന് മുതൽ മൂന്നു ദിവസം ഇ.ഡി കസ്റ്റഡിയിൽ. കേസിൽ മുൻപ് വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ കെ.പി.സി.സി ഭാരവാഹി കെ.കെ എബ്രഹാമിന്റെ വിശ്വസ്തനാണ് അറസ്റ്റിലായ സജീവൻ കൊല്ലപ്പള്ളി. കൂടുതൽ നേതക്കൾക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ ഇടനിലക്കാരനായി നിന്ന സജീവൻ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് കഴിഞ്ഞ ദിവസം ഇഡിയുടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഇന്ന് കോഴിക്കോട് ഇ ഡി ഓഫിസിൽ സജീവനെ ചോദ്യം ചെയ്യും. ബാങ്ക് തട്ടിപ്പു കേസിലെ പ്രധാന പ്രതി കെ.കെ എബ്രഹാമിന്റെ വിശ്വസ്തനായ സജീവനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.
ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടിയതായാണ് കേസ്. ബാങ്കിൽ നിന്ന് 80000 രൂപ മാത്രം വായ്പയെടുത്ത പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. 80000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രൻ നായരുടെ പേരിൽ തട്ടിപ്പുകാർ 25 ലക്ഷം രൂപയുടെ ലോൺ എടുത്തെന്ന് വരുത്തിത്തീർത്തിരുന്നു. മരിക്കുമ്പോൾ പുൽപ്പള്ളി സഹകരണ ബാങ്കിൽ 40 ലക്ഷം രൂപ വായ്പാ കുടിശികയായിരുന്നു രാജേന്ദ്രൻ നായർക്ക് ഉണ്ടായിരുന്നത്.