പുൽപ്പള്ളി ബാങ്ക് തട്ടിപ്പ്; മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിൽ പിടിയിൽ
|വായ്പാതട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ മരിച്ചതിന് പിന്നാലെയാണ് സജീവൻ ഒളിവിൽ പോയത്.
പുൽപ്പള്ളി: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് വാഹനപരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. മൈസൂരുവിൽനിന്ന് ബത്തേരിയിലെത്തിയ സജീവൻ മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോളാണ് പൊലീസ് പിടികൂടിയത്.
സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ മരിച്ചതിന് പിന്നാലെയാണ് സജീവൻ ഒളിവിൽ പോയത്. സജീവനായി പുൽപ്പള്ളി പൊലീസ് കർണാടകയിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒരു മാസത്തോളമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.
വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ്, വിജിലൻസ് കേസുകളിൽ പ്രതിയാണ് സജീവൻ. രാജേന്ദ്രൻ നായരുടെ ആത്മഹത്യാക്കുറിപ്പിലും സജീവന്റെ പേരുണ്ട്. വായ്പാതട്ടിപ്പിനിരയായ പറമ്പോക്കാട്ട് ഡാനിയലിന്റെ പരാതിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ പരാതിയിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ അബ്രഹാം, മുൻ സെക്രട്ടറി കെ.ടി രമാദേവി, ബാങ്ക് മുൻ ഡയറക്ടറും കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം പൗലോസ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ റിമാൻഡിലാണ്.