Kerala
kk abraham
Kerala

പുൽപ്പള്ളി വായ്പാ തട്ടിപ്പ്: കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

Web Desk
|
2 Jun 2023 10:34 AM GMT

നിരപരാധിത്വം തെളിയുന്നത് വരെ പാർട്ടി പദവികളിൽ നിന്ന് മാറിനിൽക്കുകയാണെന്നും എബ്രഹാം പറഞ്ഞു.

വയനാട്: പുൽപ്പള്ളിയിലെ ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ ബാങ്കിന്റെ മുൻ ഭരണ സമിതി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് രാജിയിൽ എബ്രഹാം വ്യക്തമാക്കി. നിരപരാധിത്വം തെളിയുന്നത് വരെ പാർട്ടി പദവികളിൽ നിന്ന് മാറിനിൽക്കുകയാണെന്നും എബ്രഹാം പറഞ്ഞു. രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറി.

കഴിഞ്ഞ ദിവസം കെ.കെ എബ്രഹാമിന്റെ ജാമ്യാപേക്ഷ ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. പതിനാല് ദിവസത്തേക്ക് എബ്രഹാമിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് കെ.കെ എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത്.

ലോൺ തട്ടിപ്പു കേസിലെ പരാതിക്കാരനായ കർഷകൻ ജീവനൊടുക്കിയതിന് പിന്നാലെയായിരുന്നു കെ.കെ എബ്രഹാം പിടിയിലായത്. തട്ടിപ്പിനിരയായ മറ്റൊരു കുടുംബവും എബ്രഹാമിനെതിരെ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് എബ്രഹാമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു എബ്രഹാമിന്റെ പ്രതികരണം.

അതേസമയം, സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി മുൻ ഡയറക്ടർ ബോർഡ് അംഗം ടി എസ് കുര്യൻ രംഗത്തെത്തി. തൻ്റെ വ്യാജ ഒപ്പിട്ടാണ് രാജേന്ദ്രൻ്റെ പേരിൽ ചിലർ വായ്പാ തട്ടിയത്. ബാങ്ക് മുൻ പ്രസിഡൻ്റും സെക്രട്ടറിയും അറിയാതെ തട്ടിപ്പ് നടക്കില്ലെന്നും ടി.എസ് കുര്യൻ മീഡിയവണിനോട് പറഞ്ഞു. കർഷകനെ വഞ്ചിച്ചും കള്ള ഒപ്പിട്ടും വൻ തുകയുടെ ലോൺ വാങ്ങിയെടുത്തത് അന്നത്തെ ബാങ്ക് പ്രസിഡൻ്റും സെക്രട്ടറിയുമാണെന്നാണ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ആരോപണം.

Similar Posts