പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: പണം തട്ടിയത് ഓഹരി വ്യാപാരത്തിലെ നഷ്ടം നികത്താനെന്ന് പ്രതി റിജിൽ
|പത്തു മുതൽ 20 ലക്ഷം രൂപ വരെ ഓൺലൈൻ റമ്മി കളിക്കും ഉപയോഗിച്ചു
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോഴിക്കോട് കോർപ്പറേഷന്റെ പണം തട്ടിയെടുത്തത് ഓഹരി വ്യാപാരത്തിലുണ്ടായ നഷ്ടം നികത്താനെന്ന് പ്രതി എം.പി റിജിലിന്റെ മൊഴി. തട്ടിപ്പിന്റെ വ്യാപ്തി കൂടാൻ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് റിപ്പോർട്ട് നൽകി. റിജിലിനെ സിജെഎം അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില് വിട്ടു..
ഓഹരിവ്യാപാരത്തിൽ നഷ്ടമുണ്ടായതോടെയാണ് റിജിൽ തട്ടിപ്പ് തുടങ്ങിയത്. 7 ലക്ഷം രൂപ വായ്പയെടുത്താണ് ഓഹരിവ്യാപാരം തുടങ്ങിയത്. അതിലെ നഷ്ടം നികത്താൻ ഭവന വായ്പയെടുത്ത് 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ചു. ഇതും നഷ്ടത്തിൽ കലാശിച്ചതോടെ കോർപറേഷനിലെ അക്കൗണ്ടിൽ നിന്ന് പണം തിരിമറി നടത്തിയെന്നാണ് റിജിലിന്റെ മൊഴി. പത്തു മുതൽ 20 ലക്ഷം രൂപ വരെ ഓൺലൈൻ റമ്മി കളിക്കും ഉപയോഗിച്ചു.
തട്ടിപ്പ് തുക മൂന്നു കോടി രൂപയ്ക്കു മുകളിലായതിനാൽ അന്വേഷണം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. 3 കോടി രൂപ വരെയുള്ള തട്ടിപ്പാണ് ജില്ല ക്രൈം ബ്രാഞ്ചിന് അന്വേഷിക്കാൻ കഴിയുക.
കോഴിക്കാട് കോർപ്പറേഷന് നഷ്ടമായ 12.6 കോടിയിൽ നിക്ഷേപത്തിന്റെ പലിശ മാത്രമാണ് ഇനി ലഭ്യമാകാനുള്ളതെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോർപ്പറേഷൻ അക്കൗണ്ട് മാറ്റില്ലെന്നും മേയർ പറഞ്ഞു. റിജിലിന് ഒത്താശ ചെയ്തവരിൽ ഉന്നതരുണ്ടോ എന്ന് സംശയിക്കുന്നതായും കേസ് സിബിഐ അന്വേഷിക്കണമെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺ കുമാർ പറഞ്ഞു.