പുന്നോൽ ഹരിദാസ് കൊലപാതകം; ഏഴു പേർ കസ്റ്റഡിയിൽ
|വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും
തലശേരി ന്യൂമാഹിക്കടുത്ത് പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴുപേർ കസ്റ്റഡിയിൽ. വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കും. പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാഷ്ട്രീയ കൊലപാതകം ആണോ അല്ലയോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
രാവിലെ ഹരിദാസിനെ കൊലപ്പെടുത്തുന്നത് കണ്ട സാക്ഷികളുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഹരിദാസിനൊപ്പം വെട്ടേറ്റ സഹോദരന്റെ മൊഴി കണ്ണൂർ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലെത്തിയാണ് പൊലീസെടുത്തത്. കൂടാതെ അടുത്ത ബന്ധുക്കളുടെയും മൊഴി പൊലീസ് എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലുള്ളവരില്‍ പ്രതിയായി ആരെയും തീരുമാനിച്ചിട്ടില്ല. ഒരാഴ്ച മുമ്പ് കാവില്‍ നടന്ന അടിപിടിയില്‍ നേരിട്ട് പങ്കെടുത്തവരും ദൃസാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.അന്വേഷണം നടക്കുന്നതിനാല്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ സാധിക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു.ന്യൂമാഹി പൊലീസ് ഇൻസ്‌പെക്ടർക്കാണ് അന്വേഷണ ചുമതല. ഹരിദാസിന്റെ സംസ്കാരവും വിലാപയാത്രയും വൈകിട്ട് നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലക്ക് പുറത്ത് നിന്നുള്ള നൂറ് പൊലീസുകാരെ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ട്.
അതേ സമയം കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പങ്കില്ലെന്നും സി.പി.എം പ്രതികളെ മുൻകൂട്ടി പ്രഖ്യാപിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപാണ് ആക്രമണം നടന്നത്.