Kerala
സ്വന്തം ബൂത്തിലും വോട്ട് നേടാനാകാത്ത ജെയ്ക്ക്; മന്ത്രി വാസവന്റെ ബൂത്തിലും എൽ.ഡി.എഫിന് വന്‍ തിരിച്ചടി
Kerala

സ്വന്തം ബൂത്തിലും വോട്ട് നേടാനാകാത്ത ജെയ്ക്ക്; മന്ത്രി വാസവന്റെ ബൂത്തിലും എൽ.ഡി.എഫിന് വന്‍ തിരിച്ചടി

Web Desk
|
8 Sep 2023 4:38 PM GMT

കഴിഞ്ഞ തവണത്തേക്കാൾ പുതുപ്പള്ളി മണ്ഡലത്തിൽ പന്ത്രണ്ടായിരത്തോളം വോട്ടാണ് എൽഡിഎഫിന് ഇത്തവണ കുറവു വന്നത്.

പുതുപ്പളളിയിൽ സ​ഹതാപ തരം​ഗമാണ് യു.ഡി.എഫ് ജയിക്കാൻ കാരണമെന്ന് എടുത്ത് പറയുന്ന എൽ.ഡി.എഫ് വോട്ട് രേഖപ്പെടുത്തിയ ബൂത്തിൽ പോലും എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക്ക് സി. തോമസിന് തിളങ്ങാനായില്ലെന്ന സത്യം തിരിച്ചറിയാതെ പോകുന്നു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ ബൂത്തിലും എൽ.ഡി.എഫിന് യുഡിഎഫിനെ മറികടക്കാനായില്ല.

മണർക്കാട് കണിയാൻകുന്ന് ഗവൺമെന്റ് എൽ.പി. സ്കൂളിലെ 72-ാം നമ്പർ ബൂത്തിലായിരുന്നു ജെയ്ക്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 338 വോട്ടുകളാണ് എൽ.ഡി.എഫിന് ലഭിച്ചത്. ഇവിടെ 484 വോട്ടുകൾ ചാണ്ടി ഉമ്മനു ലഭിച്ചു. അതായത് ജെയ്ക്കിന് ചാണ്ടി ഉമ്മനേക്കാൾ 146 വോട്ട് കുറവ്. എന്നാൽ ബിജെപിക്ക് ഈ ബൂത്തിൽ ആകെ ലഭിച്ചത് 15 വോട്ടുകൾ.

എൽഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന സഹകരണ- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവൻ പാമ്പാടി എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ 102-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നേടിയത് വെറും 230 വോട്ടുകൾ മാത്രം. എന്നാൽ ചാണ്ടി ഉമ്മൻ 471 വോട്ടുകൾ നേടി. 241 വോട്ടുകളാണ് ചാണ്ടി ഉമ്മൻ കൂടുതൽ നേടിയത്.

കഴിഞ്ഞ തവണത്തേക്കാൾ പുതുപ്പള്ളി മണ്ഡലത്തിൽ പന്ത്രണ്ടായിരത്തോളം വോട്ടാണ് എൽഡിഎഫിന് ഇത്തവണ കുറവു വന്നത്. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 36,667 വോട്ടാണ് ലഭിച്ചത്. 2016ല്‍ 44,505, 2021-ല്‍ 54,328 എന്നിങ്ങനെയായിരുന്നു എൽഡിഎഫ് നേടിയ വോട്ട്. 2021-ലെ തെരഞ്ഞെടുപ്പില്‍ ജെയ്ക്ക് നേടിയ 54,328 വോട്ട് ആയിരുന്നു ഏറ്റവും ഉയര്‍ന്ന എല്‍ഡിഎഫ് വോട്ട് ഷെയർ. ഇവിടെനിന്നാണ് ഇപ്പോഴത്തെ 42,425-ലേക്ക് കുറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുള്ള സഹതാപതരംഗം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇപ്പോഴത്തെ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. പുതുപ്പളളിയിൽ ആര് ജയിച്ചാലും നേരിയ ഭൂരിപക്ഷത്തിനായിരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പുതുപ്പള്ളിയിൽ 37719 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്റെ ജയം. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33225 വോട്ടിന്റെ ഭൂരിപക്ഷമാണ് മകൻ മറികടന്നത്. ചാണ്ടി ഉമ്മന് ആകെ ലഭിച്ചത് 80,144 വോട്ടാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് 42425 വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് 6558 വോട്ടും ലഭിച്ചു. മണ്ഡലത്തിൽ ജെയ്കിന്റേത് ഹാട്രിക് തോൽവിയാണ്.

Similar Posts