തെളിവടക്കം പരാതി നല്‍കിയിട്ടും മരംകൊള്ളക്കാര്‍ക്കെതിരെ നടപടിയില്ല: പ്രതിഷേധവുമായി പുതുപ്പാടി പഞ്ചായത്ത്
|പഞ്ചായത്തിന്‍റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വിശദീകരണം.
പഞ്ചായത്ത് ഭൂമിയില്‍ നിന്നും മരം മുറിച്ച് കടത്തിയ സംഭവത്തില്‍ തെളിവടക്കം പഞ്ചായത്ത് അധികൃതര്‍ പരാതി നല്‍കിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിന‍്റെ അധീനതയിലുള്ള ഭൂമിയിലെ മരം മുറിച്ച സംഭവത്തിലാണ് പോലീസ് അന്വേഷണം ഇഴയുന്നത്. പൊലീസിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പുതുപ്പാടി പഞ്ചായത്ത് ഭരണ സമിതി.
കഴിഞ്ഞ ലോക് ഡൌണ്‍ സമയത്താണ് പുതുപ്പാടി പഞ്ചായത്തിന‍്റെ അധീനതയിലുള്ള ഒരേക്കര്‍ സ്ഥലത്തെ മരങ്ങള്‍ അനുമതിയില്ലാതെ മുറിച്ച് മാറ്റിയത്. കുറേ മരത്തടികള്‍ സ്ഥലത്ത് നിന്നും കടത്തുകയും ചെയ്തു. ഇതിനു പിന്നില്‍ ആരാണെന്ന വിവരമടക്കം പൊലീസിന് നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ ആക്ഷേപം. കഴിഞ്ഞ ഭരണ സമിതിയിലെ ചില അംഗങ്ങളുടെ ഒത്താശയോടെയാണ് മരം മുറിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.
വനവത്കരണത്തിന്‍റെ മറവിലാണ് പ്രദേശത്തെ നൂറോളം മരങ്ങള്‍ മുറിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് തങ്ങളുടേയും നിലപാടെന്ന് പഞ്ചായത്തിലെ സി.പി.എം അംഗങ്ങളും പ്രതികരിച്ചു. പഞ്ചായത്തിന്‍റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് താമരശേരി പോലീസിന്‍റെ വിശദീകരണം.