സ്വകാര്യ വ്യക്തിയുടെ അറവു മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
|അനധികൃതമായാണ് ഉടമ മാലിന്യ പ്ലാന്റ് നടത്താൻ അനുമതി നേടിയതെന്നും തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.
കോഴിക്കോട്: പുതുപ്പാടിയിൽ സ്വകാര്യ വ്യക്തിയുടെ അറവു മാലിന്യ പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഹൈക്കോടതി നിർദേശപ്രകാരം ടെസ്റ്റ് റൺ നടത്താൻ എത്തിയ മാലിന്യ വണ്ടി നാട്ടുകാർ ചേർന്ന് തടഞ്ഞു. ജനവാസ മേഖലയിൽ നിർമിച്ച പ്ലാന്റ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
രണ്ടര വർഷം മുൻപാണ് പുതുപ്പാടി കൊട്ടാരക്കോത്ത് സ്വകാര്യ വ്യക്തി അറവ് മാലിന്യ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചത്. പ്രാരംഭ ഘട്ടം മുതൽ പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാണ്. നിർമ്മാണം പൂർത്തിയായ ശേഷം ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് സംരക്ഷണയിലാണ് ടെസ്റ്റ് റണ്ണിനായി തിങ്കളാഴ്ച ഉച്ചയോടെ മാലിന്യ വണ്ടി ഇവിടേക്ക് എത്തിയത്. എന്നാൽ നാട്ടുകാർ വാഹനം തടയുകയായിരുന്നു. പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് വാഹനം തിരികെ പോയി. മാലിന്യ പ്ലാന്റുമായി മുന്നോട്ട് പോയാൽ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
അനധികൃതമായാണ് ഉടമ മാലിന്യ പ്ലാന്റ് നടത്താൻ അനുമതി നേടിയതെന്നും തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. പ്ലാന്റിനകത്തെ സാധനങ്ങൾ മോഷണം പോകുമ്പോൾ നാട്ടുകാരാണെന്ന് ഉടമ വരുത്തി തീർക്കുന്നു നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചവർക്കെതിരെ പോലീസ് കേസ് എടുത്തു.