പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പിലേക്ക്; അരയും തലയും മുറുക്കി മുന്നണികള്‍
|ഇന്ന് ചതയദിന ആഘോഷങ്ങളിൽ സ്ഥാനാർത്ഥികള്‍ പങ്കെടുക്കും
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ മുന്നണികളെല്ലാം അരയും തലയും മുറുക്കി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. താരപ്രചാരകരെ ഇറക്കി അവസാന വട്ട വോട്ടുപിടിത്തത്തിനുള്ള ഊര്‍ജിതശ്രമത്തിലാണ് പാര്‍ട്ടികളെല്ലാം. സൈബറിടങ്ങളിലും പ്രചാരണം കൊട്ടിക്കയറുകയാണ്.
പുതുപ്പള്ളിയിൽ ഇന്ന് ചതയദിന ആഘോഷങ്ങളിൽ സ്ഥാനാർത്ഥികള്‍ പങ്കെടുക്കും. മീനടം, വാകത്താനം പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ്റെ പരിപാടികൾ. എല്‍.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി. തോമസ് പുതുപ്പള്ളി, മണർകാട് പഞ്ചായത്തുകളിൽ എത്തും. എന്‍.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ ഭവനസന്ദർശനം നടത്തും. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പ്രചാരണത്തിനെത്തും.
മുഖ്യമന്ത്രിയുടെ രണ്ടാം വരവോടെ പുതുപ്പള്ളിയിലെ ഇടത് ആവേശം വർധിച്ചു. വിവാദങ്ങളിൽ തൊടാതെ വികസനവും വർഗീയ പ്രശ്നങ്ങളും പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും ജെയ്ക്ക് സി. തോമസിനു വേണ്ടി വോട്ട് തേടിയതും. അവസാന ലാപ്പിലും മുഖ്യമന്ത്രിയെ എത്തിച്ച് ആവേശം അണയാതെ കാത്ത് മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.
മറുവശത്ത്, ചാണ്ടി ഉമ്മനു വേണ്ടി മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തന്നെ പ്രചാരണത്തിനിറങ്ങി. പാമ്പാടിയിൽ മഹിളാ കോണ്‍ഗ്രസ് നടത്തിയ റോഡ് ഷോയിൽ 2000ഓളം പേരാണു പങ്കെടുത്തത് പങ്കെടുത്തു. ജെബി മേത്തർ എം.പിയുടെ നേതൃത്വത്തിലായിരുന്നു സ്ത്രീ വോട്ടര്‍മാരെ പിടിക്കാനുള്ള പ്രചാരണം നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പരിപാടിയില്‍ പങ്കെടുത്തു.
പുതുപ്പള്ളിയിലെ ആദ്യ വരവിൽ രണ്ട് യോഗങ്ങളിൽ സംസാരിച്ച ഇടതു ക്യാമ്പിലെ താര പ്രചാരകൻ രണ്ടാം വരവിൽ മൂന്ന് പഞ്ചായത്തുകളിൽ കൂടി എത്തി. ഓരോ സ്ഥലത്തും പ്രവർത്തക ആവേശം വർധിക്കുന്നത് പ്രകടമായിരുന്നു. അര മണിക്കൂറിലേറെ സമയമെടുത്തു സംസാരിക്കുന്ന മുഖ്യമന്ത്രി കോൺഗ്രസിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ചു.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നേറിയ എൽ.ഡി.എഫ് ക്യാമ്പിന്റെ ആവേശം അവസാനം വരെ നിലനിർത്താനാകുംവിധമാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയും വീണ്ടും മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും. അതോടെ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ കൂടി മുഖ്യമന്ത്രിയെ എത്തിച്ച് ആവേശം അണയാതെ കാക്കും.
ചാണ്ടി ഉമ്മനു വേണ്ടി നടന്ന മഹിളാ കോണ്‍ഗ്രസ് റോഡ് ഷോ വലിയ ആവേശമാണുണ്ടാക്കിയത്. പാമ്പാടിയിൽ നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. എല്ലാ ബൂത്തുകളിലും മഹിളാ കോൺഗ്രസ് പ്രവർത്തകർ ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനും ഇറങ്ങി.
182 ബൂത്തുകളിലും 30 മഹിളാ കോൺഗ്രസ് പ്രവർത്തകർ വീതമുള്ള സ്‌ക്വാഡുകളാണു രംഗത്തുള്ളത്. ഇതിനായി 14 ജില്ലകളിൽനിന്നും പ്രവർത്തകർ ഊഴമിട്ട് പുതുപ്പള്ളിയിൽ എത്തുകയാണ്. എറണാകുളത്തുനിന്നുള്ള 550 പ്രവർത്തകരാണ് പാമ്പാടി പഞ്ചായത്തിൽ സ്‌ക്വാഡായി ഇന്നലെ ഇറങ്ങിയത്.
സൈബര്‍ലോകത്ത് കൊണ്ടും കൊടുത്തും മുന്നേറാൻ പാർട്ടി പ്രവർത്തകർ പ്രത്യേകം സംവിധാനങ്ങളും തയാറാക്കിയിട്ടുണ്ട്. മണ്ഡലത്തിൽ സൈബർ വാർറൂം അടക്കം സജ്ജമാണ്.
Summary: As the Puthuppally by-election campaign reaches its final lap, all the candidates are tightening their belts and intensifying the campaign.