ഉമ്മന്‍ചാണ്ടിക്കും മുകളില്‍ ചാണ്ടി; റെക്കോഡ് ഭൂരിപക്ഷവും മറികടന്നു
|പത്താമങ്കത്തില്‍ സി.പി.എം സ്ഥാനാർഥി സുജ സൂസന്‍ ജോർജിനെതിരെ 33,225 വോട്ടിന്‍റെ ഉമ്മന്‍ചാണ്ടി ജയിച്ചത്
പുതുപ്പള്ളി: പുതുപ്പള്ളി മണ്ഡലത്തിലെ ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും റെക്കോഡ് ഭൂരിപക്ഷവും മറികടന്ന് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ എട്ടാം റൗണ്ട് പിന്നിട്ടപ്പോള്‍ 34,036 വോട്ടിന്‍റെ ലീഡാണ് ചാണ്ടിക്ക് ലഭിച്ചത്. പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുന്നത് 2011 ലായിരുന്നു. പത്താമങ്കത്തില്‍ സി.പി.എം സ്ഥാനാർഥി സുജ സൂസന്‍ ജോർജിനെതിരെ 33,225 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്.
ആദ്യ റൗണ്ടില്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് 2021ല്‍ അയര്‍കുന്നത്ത് ലഭിച്ച ലീഡ് ചാണ്ടി മറികടന്നിരുന്നു. 1293 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഉമ്മനുണ്ടായിരുന്നത്. തുടര്‍ന്ന് പിതാവിന്‍റെ ആ വര്‍ഷത്തെ ഭൂരിപക്ഷത്തിനും മുകളിലെത്തി ചാണ്ടിയുടെ ഭൂരിപക്ഷം. 2021ല്‍ 9,044 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്.
1970 ലാണ് പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കന്നിയങ്കം. കരുത്തനായ ഇഎം ജോർജിനെ മലർത്തിയടിച്ചാണ് 7,288 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഉമ്മന്‍ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് എത്തിയത്. പിന്നീട് പുതുപ്പള്ളിക്കാര്‍ കണ്ടത് ഉമ്മന്‍ചാണ്ടിയെ മാത്രമായിരുന്നു. 1977ല്‍ മുന്‍ എം.എല്‍ .എ പിസി ചെറിയാനെയായിരുന്നു ഇടതുപക്ഷം ഉമ്മന്‍ ചാണ്ടിക്കെതിരെ രംഗത്ത് ഇറക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 15910 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി ജയിച്ചത്. 1980ല്‍ 15983 വോട്ടിന്‍റെ ലീഡില്‍ മൂന്നാം വിജയം. 87ല്‍ വി.എന്‍ വാസവനായിരുന്നു ഉമ്മന്‍റെ എതിരാളി. അന്നത്തെ ഭൂരിപക്ഷം 13811. 96ല്‍ സി.പി.എമ്മിന്‍റെ റജി സക്കറിയയെ തോല്‍പ്പിച്ചത് 10155 വോട്ടിന്. 2001ലെ ഭൂരിപക്ഷം 12575.
2006 ല്‍ 19863 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഒമ്പതാമത് വിജയം. എസ് എഫ് ഐ നേതാവായിരുന്ന സിന്ധു ജോയി ആയിരുന്നു എതിരാളി. 2016ല്‍ ജെയ്കിനെ പരാജയപ്പെടുത്തിയത് 27092 വോട്ടിനായിരുന്നു.