Kerala
Chandy Oommen says Puthuppallys mind is completely with him, Chandy Oommen to MediaOne, Puthuppally by election 2023
Kerala

'ഭൂരിപക്ഷം സാങ്കേതികത്വം മാത്രം; പുതുപ്പള്ളിയുടെ മനസ് പൂർണമായും എനിക്കൊപ്പം'

Web Desk
|
9 Sep 2023 4:47 AM GMT

ബി.ജെ.പി വോട്ട് ലഭിച്ചോയെന്ന ചോദ്യത്തോട് സി.പി.എമ്മിന്റെ വോട്ട് എവിടെപ്പോയി എന്നായിരുന്നു ചാണ്ടിയുടെ പ്രതികരണം

കോട്ടയം: പുതുപ്പള്ളിയുടെ മനസ് പൂർണമായി തനിക്കൊപ്പമുണ്ടെന്ന് നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ. ഭൂരിപക്ഷം എന്നത് സാങ്കേതികത്വം മാത്രമാണ്. വികസന തുടർച്ചയായാണ് പുതുപ്പള്ളിയിലെ പുതിയ ദൗത്യം. അതു യാഥാർത്ഥ്യബോധത്തോടെ ഏറ്റെടുക്കുന്നുവെന്നും 'മീഡിയവണി'ന് നൽകിയ അഭിമുഖത്തിൽ ചാണ്ടി പറഞ്ഞു. ബി.ജെ.പി വോട്ട് ലഭിച്ചോയെന്ന ചോദ്യത്തോട് സി.പി.എമ്മിന്റെ വോട്ട് എവിടെപ്പോയി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വികസന തുടർച്ചയായാണ് പുതുപ്പള്ളിയിലെ പുതിയ ദൗത്യം. അതൊരു വലിയ വെല്ലുവിളിയാണ്. അത് യാഥാർത്ഥ്യബോധത്തോടെ ഏറ്റെടുക്കുന്നു. നമുക്ക് ഒരുമിച്ചു നീങ്ങാമെന്നാണ് പുതുപ്പള്ളിയുടെ വികസനത്തെ കുറിച്ച് വിഷമിച്ചിരുന്ന ഇടതുപക്ഷത്തെ സഹപ്രവർത്തകരോട് ആവശ്യപ്പെടാനുള്ളത്. പുതുപ്പള്ളിയുടെ വികസനസ്വപ്‌നങ്ങൾ നമുക്ക് ഒന്നിച്ചുനിന്ന് യാഥാർത്ഥ്യമാക്കാം. വികസനം പലതും മുന്നോട്ടു കൊണ്ടുപോകാനുണ്ട്. അതിന് ഇടതുപക്ഷത്തിന്റെയും പിന്തുണ ആവശ്യമാണെന്നും ചാണ്ടി പറഞ്ഞു.

ഏറ്റവും വലിയ ആഗ്രഹം പുതുപ്പള്ളിയിലൊരു സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയെന്ന അപ്പയുടെയും സ്വപ്‌നമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അത് കേരളത്തിനു മുഴുവൻ ഗുണമായി വരും. സ്ഥലമേറ്റെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയിൽ എം.എൽ.എ ഓഫിസില്ലാത്ത വിമർശനം ചൂണ്ടിക്കാണിച്ചപ്പോൾ അക്കാര്യത്തിൽ സമയമാകുമ്പോൾ തീരുമാനമാകുമെന്നായിരുന്നു മറുപടി. ഇവിടെ ഓഫിസ് ഇല്ലാത്തതിന് ഉമ്മൻ ചാണ്ടിക്ക് എന്തെങ്കിലും യുക്തിയുണ്ടായിരിക്കണം. ഓഫിസ് ഉണ്ടാകുന്നതിനെക്കാളും കാര്യക്ഷമമായാണ് അദ്ദേഹം പ്രവർത്തിച്ചത്.

ഓഫിസ് ഇല്ലാഞ്ഞിട്ടും ആർക്കും പരാതിയില്ലായിരുന്നു. ചിലർക്ക് അതൊരു പ്രചാരണായുധമാണ്. ഉമ്മൻ ചാണ്ടി കാണിച്ച പാതയാണു യഥാർത്ഥ പാത. ഞാനും അക്കാര്യത്തിൽ പലപ്പോഴും സംശയിച്ചിരുന്നെങ്കിലും അതായിരുന്നു ശരിയെന്നു കാലം തെളിയിച്ചുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Summary: ''Puthuppally's mind is completely with me'': Says Chandy Oommen

Similar Posts