'ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള രാഷ്ട്രീയ പാർട്ടിയല്ല, സാമൂഹിക കൂട്ടായ്മ': പി.വി അൻവർ
|'ADGPയെ സസ്‌പെന്‍റ് ചെയ്ത് മാത്രമേ തുടർ അന്വേഷണം നടത്താവൂ'
നിലമ്പൂർ: താൻ രൂപീകരിക്കുന്ന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള ഒരു സാമൂഹിക കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പി.വി അൻവർ എംഎഎൽഎ. രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കാൻ ചില സങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും അൻവർ പറഞ്ഞു. ചെന്നൈയിൽ പോയത് രാഷ്ട്രീയ മൂവ്‌മെന്റിന്റെ ഭാഗമായിരുന്നുവെന്നും ഇന്ത്യയിലെ മതേതര സമൂഹത്തിന് ഏറ്റവും വിശ്വസിക്കാൻ കഴിയുന്ന ലീഡറാണ് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനെന്നും അൻവർ പറഞ്ഞു.
മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ അത്തരം ആളുകളുടെ അനുഗ്രഹം ആവശ്യമാണ്. തമിഴ്‌നാട്ടിൽ സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെയെന്നും അൻവർ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ മുന്നേറ്റമാണ് നടക്കുന്നത്. മഞ്ചേരിയിലെ വേദിയിൽ പലരെയും പ്രതീക്ഷിക്കാമെന്നും ഡിഎംകെയുടെ നിരീക്ഷകർ തമിഴ്‌നാട്ടിൽനിന്ന് എത്തുമെന്നും ഇവർ വേദിയിൽ കയറില്ലെന്നും അൻവർ പറഞ്ഞു.
അതേസമയം എഡിജിപിയെ ചുമതലയിൽ നിന്ന് മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയാണ് വേണ്ടതെന്നും അൻവർ പറഞ്ഞു. സസ്‌പെന്റ് ചെയ്ത് മാത്രമേ തുടർ അന്വേഷണം നടത്താവൂ. പൂരം കലക്കിയതിൽ അദ്ദേഹത്തിന് വീഴ്ച പറ്റിയെന്നത് വാക്കിൽ മാത്രം ഒതുക്കരുത്. എന്തിന് ആ വീഴ്ച വരുത്തിയെന്നത് അന്വേഷിക്കുകയാണ് വേണ്ടത്. എഡിജിപിയെ സസ്‌പെന്റ് ചെയ്യാൻ താൻ നൽകിയ രേഖകൾ മാത്രം മതി. അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി അദ്ദേഹത്തെ കെട്ടിപ്പിടിച്ചിരിക്കയാണെന്നും അൻവർ ആരോപിച്ചു. കേരളത്തിലെ ജനത്തെ വിഢിയാക്കുന്നതാണ് എഡിജിപിക്കെതിരായ റിപ്പോർട്ടെന്നും അൻവർ പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിന് ബംഗാളിനേക്കാൾ മോശം അവസ്ഥവരുമെന്നും കെട്ടിവച്ച കാശ്‌പോലും സിപിഎം നേതാക്കൾക്ക് കിട്ടാത്ത അവസ്ഥവരുമെന്നും അൻവർ വിമർശിച്ചു. തന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ വർഗീയവാദികളാക്കാനാണ് സിപിഎമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.