Kerala
ജലീൽ ഒരു സമൂഹത്തിനെതിരെ നടത്തുന്ന ഏറ്റവും മോശമായ പ്രസ്താവനയാണത്, അദ്ദേഹം അത്രയും തരംതാഴുമെന്ന് കരുതുന്നില്ല: പി.വി അന്‍വര്‍
Kerala

'ജലീൽ ഒരു സമൂഹത്തിനെതിരെ നടത്തുന്ന ഏറ്റവും മോശമായ പ്രസ്താവനയാണത്, അദ്ദേഹം അത്രയും തരംതാഴുമെന്ന് കരുതുന്നില്ല': പി.വി അന്‍വര്‍

Web Desk
|
6 Oct 2024 6:59 AM GMT

കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവനയെ വിമർശിച്ച് അൻവർ

നിലമ്പൂർ: കരിപ്പൂരിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ എംഎൽഎ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് പി.വി അൻവർ എംഎൽഎ. ജലീൽ അത്തരം പരാമർശം നടത്തിയതായി തനിക്കറിയില്ലെന്നും അദ്ദേഹം അങ്ങിനെ പറഞ്ഞുവെങ്കിൽ പൊതുജീവിതത്തിൽ അദ്ദേഹം ഒരു സമൂഹത്തിനെതിരെ നടത്തിയ ഏറ്റവും മോശമായ പ്രസ്താവനയാണതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

'ജലീൽ അങ്ങിനെ പറഞ്ഞുവോ എന്ന് തനിക്കറിയില്ല. എന്നാൽ അദ്ദേഹം അങ്ങിനെ ഒരുകാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ പൊതുജീവിതത്തിൽ അദ്ദേഹം ഒരു സമൂഹത്തിനെതിരെ നടത്തിയ ഏറ്റവും മോശമായ പ്രസ്താവനയാണത്. ജലീൽ അത്രമാത്രം തരംതാഴുമെന്ന വിശ്വാസം തനിക്കില്ല' അൻവർ പറഞ്ഞു.

കരിപ്പൂരിൽ സ്വർണ്ണക്കടത്തിൽ പിടിക്കപ്പെടുന്നവരിൽ 99% വും മുസ്‌ലിം പേരുള്ളവരാണെന്നായിരുന്നു കെ.ടി ജലീലിന്റെ പരാമർശം. സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പുറപ്പെടുവിക്കണമെന്നും ജലീൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതേസമയം ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്ന കെ.ടി ജലീലിന്റെ പ്രസ്താവന അപകടകരമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണ്. മുസ്ലിം സമൂഹമാണ് കള്ളക്കടത്തു നടത്തുന്നതെന്നാണ് പരാമർശം. ബിജെപി നേതാക്കൾ പോലും അങ്ങനെ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂർ വിമാനത്താവളത്തിൽ മാത്രമല്ല കള്ളക്കടത്ത് നടക്കുന്നത്. കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും കള്ളക്കടത്തുണ്ട്. സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കാൻ ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്ന നിലപാട് അപകടകരമാണ്. ജലീലിന്റെ പ്രസ്താവനക്ക് പിന്നിൽ സ്വാർത്ഥ താൽപര്യവും പാർട്ടിയെ തൃപ്തിപ്പെടുത്തലുമാണ്. കെ.ടി ജലീലിന്റെ നിലപാട് പാർട്ടി നിലപാടാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും പിഎംഎ സലാം പറഞ്ഞു.

Similar Posts