'എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് കാര്യങ്ങൾ പറയണമല്ലോ?': പി.വി അൻവർ
|'അജിത് കുമാർ എഴുതി കൊടുത്തതാണ് മുഖ്യമന്ത്രിയുടെ പ്രതികരണം'
നിലമ്പൂർ: പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങളെ കണ്ട് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമാണ് അൻവർ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രതികരണം, താൻ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ ഭാഗമെന്ന ധ്വനി ഉണ്ടാക്കിയെന്ന് അൻവർ പറഞ്ഞു. അജിത് കുമാർ എഴുതി കൊടുത്തതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും അൻവർ കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള സംവിധാനങ്ങളടക്കമാണ് വാർത്താസമ്മേളനത്തിൽ ഒരുക്കിയത്. ഇതിലൂടെ സ്വർണക്കടത്ത് സംഘാംഗവുമായുള്ള സംഭാഷണം അൻവർ പുറത്തുവിട്ടു. പൊലീസ് സ്വർണം മുക്കിയെന്ന് അൻവറിനോട് വെളിപ്പെടുത്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്.
'കൃത്യമായല്ല കേസന്വേഷണം നടക്കുന്നത്. മരംമുറിയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പരിതാപകരമാണ്. സ്വർണക്കടത്ത് കേസന്വേഷണം വെറും പ്രഹസനമാണ്. റിദാൻ വധക്കേസ് അന്വേഷണത്തിൽ സിപിഎം തന്ന ഉറപ്പ് പാടേ ലംഘിക്കപ്പെട്ടു.' അൻവർ പറഞ്ഞു. ജനങ്ങളോട് എല്ലാ കാര്യങ്ങളും സംസാരിക്കാൻ വേണ്ടി ഞായറാഴ്ച അൻവർ നിലമ്പൂരിൽ പൊതുസമ്മേളനം നടത്തും. വൈകീട്ട് നാലരയ്ക്ക് തുടങ്ങിയ വാർത്താസമ്മേളനം രണ്ട് മണിക്കൂറാണ് നീണ്ടുനിന്നത്.
തൻ്റെ ഭാഗത്തെ സത്യാവസ്ഥ താൻ തെളിയിക്കണമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു. 'താൻ സ്വയം പല നിലക്ക് കര്യങ്ങൾ അന്വേഷിച്ചു. താൻ നടത്തിയ അന്വേഷണം മുഴുവൻ തനിക്കെതിരെ ആക്കാൻ ശ്രമം നടക്കുന്നു. ഇന്ന് പത്രസമ്മേളനം നടത്താൻ കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് കാര്യങ്ങൾ പറയണമല്ലോ'യെന്നും അൻവർ കൂട്ടിച്ചേർത്തു.
'മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി കാട്ടുകള്ളനാണ്. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് ശശിയാണ്. മറ്റൊരു സഖാക്കളും ശശിയെക്കുറിച്ച് നല്ലത് പറയില്ല, ശശിയെക്കുറിച്ച് നല്ല അഭിപ്രായമുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ഈ രീതിയിലാണ് പോവുന്നതെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയൻ. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ലെന്നും' അൻവർ കൂട്ടിച്ചേർത്തു.
താൻ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് കരുതി ആരും കാത്തിരിക്കേണ്ടെന്നും അൻവർ പറഞ്ഞു. നിയമസഭയിൽ ഭരണപക്ഷത്തിന് ഒപ്പം ഇരിക്കില്ലെന്നും ഇരിക്കാൻ വേറെയും സ്ഥലമുണ്ടെന്നും അൻവർ ചൂണ്ടിക്കാട്ടി. 'എൽ ഡി എഫ് പാർലമെന്ററി യോഗത്തിൽ പങ്കെടുക്കില്ല. പാർട്ടി പ്രവർത്തകരിലാണ് തന്റെ വിശ്വാസം. ജനം തന്ന എംഎൽഎ പദവി കാലാവധി തീരുവോളം ഉണ്ടാകും.' അൻവർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് അൻവർ ഉന്നയിച്ചത്.
നേരത്തെ, ആത്മാഭിമാനം അതിത്തിരികൂടുതലാണെന്ന് പറഞ്ഞാണ് മാധ്യമങ്ങളെ കാണുന്ന കാര്യം അൻവർ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നത്. പി.ശശിക്കെതിരെയും എഡിജിഎി എം.ആർ അജിത്കുമാറിനുമെതിരെ രൂക്ഷ വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച അൻവറിനെ സിപിഎം കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പാർട്ടിയെ അനുസരിക്കുമെന്ന് പറഞ്ഞ് പി.വി അൻവർ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.