അന്‍വറിനെ കേള്‍ക്കാന്‍ മഞ്ചേരിയിലും വന്‍ ജനക്കൂട്ടം; സംഘടനാ പ്രഖ്യാപനം ഉടൻ
|തമിഴ്നാട്ടിലെ ഗൂഡല്ലൂർ, നീലഗിരി തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽനിന്ന് നിരവധി ഡിഎംകെ പ്രവർത്തകർ എത്തിയതായും റിപ്പോർട്ടുണ്ട്
മലപ്പുറം: കേരള രാഷ്ട്രീയത്തിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങി പി.വി അൻവർ എംഎൽഎ. പുതിയ സംഘടനയായ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ പ്രഖ്യാപനം ഉടനുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിനു പിന്നാലെ സെപ്റ്റംബർ 29ന് നിലമ്പൂരിലെ സ്വന്തം തട്ടകത്തിൽനിന്ന് ആരംഭിച്ച പൊതുജന സംഗമങ്ങളുടെ തുടർച്ചയായി മഞ്ചേരിയിൽ പ്രഖ്യാപിച്ച വിശദീകരണയോഗം ഏതാനും നിമിഷങ്ങൾക്കകം ആരംഭിക്കും.
മാറാൻ സമയമായി എന്ന തലക്കെട്ടോടെയാണ് അൻവർ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പൊതുയോഗങ്ങൾ പ്രഖ്യാപിച്ചത്. എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ വിശദീകരിച്ചാണ് അൻവറിന്റെ പൊതുയോഗങ്ങൾ നടക്കുന്നത്. നിലമ്പൂർ ചന്തക്കുന്നിലെ പരിപാടിക്കുശേഷം അരീക്കോട്ടും യോഗം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നത്തെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു.
ഇന്ന് അഞ്ചു മണിക്കാണ് മഞ്ചേരിയിലെ പരിപാടി പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെയായിരും ആരംഭിച്ചിട്ടില്ല. എന്നാൽ, അൻവറിനെ ശ്രവിക്കാനായി നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി നിരവധി പേർ ഇതിനകം തന്നെ വേദിയിലെത്തിക്കഴിഞ്ഞിട്ടുണ്ട്. ഡിഎംകെ പതാകയുമായാണു പലരും എത്തിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, നീലഗിരി തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽനിന്ന് നിരവധി ഡിഎംകെ പ്രവർത്തകർ എത്തിയതായും റിപ്പോർട്ടുണ്ട്. സംഘടനാ പ്രഖ്യാപനത്തിനു പുറമെ പുതിയ വെളിപ്പെടുത്തലുകളോ ആരോപണങ്ങളോ ഉണ്ടാകുമോ എന്നാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
അതേസമയം, പി.വി അൻവറുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് ഡിഎംകെ നേതൃത്വം അറിയിച്ചു. സഖ്യകക്ഷികളിലെ വിമതരെ ഒപ്പം കൂട്ടില്ലെന്നാണ് ഡിഎംകെ നിലപാടെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ മീഡിയവണിനോട് പറഞ്ഞു. ഞങ്ങളുമായി സഖ്യമുള്ള സിപിഎം നടപടി സ്വീകരിച്ച ഒരാളെന്ന നിലയിൽ അവരുടെ സമ്മതമില്ലാതെ അദ്ദേഹത്തെ പാർട്ടിയിലെടുക്കാനാകില്ല. നേതാക്കൾ വിഷയം ചർച്ച ചെയ്തതായി അറിയില്ലെന്നും വിഷയത്തിൽ അന്തിമ തീരുമാനം എം.കെ സ്റ്റാലിൻറേതാകുമെന്നും ഇളങ്കോവൻ മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തി ഡിഎംകെ നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായി വാർത്തകളുണ്ടായിരുന്നു. രാഷ്ട്രീയ നീക്കത്തിൻറെ ഭാഗമായാണു താൻ ചെന്നൈയിൽ പോയതെന്നുമായിരുന്നു അൻവറിന്റെ വിശദീകരണം. തന്റെ സംഘടനയുടെ കാര്യങ്ങൾ പറയാനായി പോകുന്നതാണ്. ഇന്ത്യയിലെ മതേതര സമൂഹത്തിന് ഏറ്റവും വിശ്വസിക്കാൻ കഴിയുന്ന നേതാവാണ് സ്റ്റാലിനെന്നും അൻവർ പറഞ്ഞു. മതേതര പോരാട്ടത്തിന് ഒരുങ്ങുമ്പോൾ അത്തരം ആളുകളുടെ അനുഗ്രഹം ആവശ്യമാണെന്നും തമിഴ്നാട്ടിൽ സാധാരണക്കാരോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് ഡിഎംകെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Summary: PV Anvar's Manjeri public meeting to start soon