കോണ്ഗ്രസിലേക്ക് മടങ്ങുമോ? പുതിയ പാർട്ടിയുമായി വരുമോ? അൻവറിന്റെ മുന്നില് ഇനിയെന്ത്?
|ഞായറാഴ്ച നിലമ്പൂരിൽ നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തിലൂടെ സ്വന്തം തട്ടകത്തിൽ സിപിഎമ്മിനെതിരെയുള്ള ശക്തിപ്രകടനമായിരിക്കും അൻവർ ഒന്നാമതായി ലക്ഷ്യമിടുന്നത്. ഇടതടവില്ലാതെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളുടെ 'ജനഹിതപരിശോധന'യുമാകുമത്. പുതിയൊരു രാഷ്ട്രീയനീക്കത്തിന് അൻവറിന് ജനകീയബലവും 'ബാല്യവുമു'ണ്ടോ എന്നും അവിടെ തീരുമാനിക്കപ്പെട്ടേക്കാം
കോഴിക്കോട്: പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ട തകർക്കാൻ സിപിഎം ആവിഷ്ക്കരിച്ച 'സ്വതന്ത്ര' പരീക്ഷണങ്ങളിലെ പ്രധാന അസ്ത്രങ്ങളിലൊന്നായിരുന്നു പി.വി അൻവർ. ഏറനാട്ടിലും പൊന്നാനിയിലുമൊന്നും ലീഗിനെ തറപറ്റിക്കാനായില്ലെങ്കിലും കോൺഗ്രസിൽനിന്നു വന്ന അൻവർ മലപ്പുറത്തെ കോൺഗ്രസ് കോട്ടകളിലൊന്നു തന്നെ തകർത്തു; 2016ൽ നിലമ്പൂർ പിടിച്ചെടുത്ത്. ഒട്ടും വൈകാതെ സമൂഹമാധ്യമങ്ങളിൽ പിണറായി വിജയനും സിപിഎമ്മിനും പ്രതിരോധമൊരുക്കി പാര്ട്ടിയുടെ സ്വയം പ്രഖ്യാപിത 'കടന്നൽസംഘ'ത്തിന്റെ ചാവേർ നേതാവായി മാറി അദ്ദേഹം. സിപിഎമ്മിനെയും പിണറായിയെയും വിടാതെ കുത്തിനോവിക്കുന്ന കാട്ടുകടന്നലായി മാറിയിരിക്കുകയാണ് ഒടുവിലിപ്പോള് അതേ പി.വി അൻവർ.
എഡിജിപി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും മലപ്പുറം മുൻ എസ്പിമാരായ സുജിത് ദാസിനും എസ് ശശിധരനുമെതിരെയെല്ലാം കടുത്ത ആരോപണങ്ങളുമായി അൻവർ പോർമുഖം തുറക്കുമ്പോൾ മുഖ്യമന്ത്രി സുരക്ഷിതനായിരുന്നു. അൻവറിന്റെ തന്നെ ഭാഷയിൽ ഒരുവശത്ത് 'പിതൃതുല്യ' പരിഗണനയോടെ മുഖ്യമന്ത്രിയെ ഇരുകരവും ചേർത്ത് സംരക്ഷിച്ചുനിർത്തിയായിരുന്നു ആഭ്യന്തര വകുപ്പിനെതിരായ പോരാട്ടം. സർക്കാരിനെയും സ്വന്തം രാഷ്ട്രീയാസ്ഥിത്വത്തെയുമെല്ലാം ചോദ്യമുനയിൽ നിർത്തുമ്പോഴും, ആദ്യമൊക്കെ 'പുത്രവാത്സല്യത്തോടെ'യോ സഖാവെന്ന പരിഗണനയിലോ അനുഭാവപൂർവം അൻവറിനെ കേട്ടു മുഖ്യമന്ത്രി. അനുനയിപ്പിച്ചുനിർത്താൻ നോക്കി.
എന്നാൽ, വിശ്വസ്തരായ ശശിക്കും അജിത് കുമാറിനുമെതിരെ ഇടതടവില്ലാതെ ആക്രമണം അഴിച്ചുവിട്ടതോടെ പിണറായിയും പൊട്ടിത്തെറിച്ചു. അൻവറിന്റ ആരോപണങ്ങൾ 'അവജ്ഞയോടെ തള്ളുന്നു'വെന്ന് തീർപ്പുപറഞ്ഞു മുഖ്യമന്ത്രി. സ്വർണക്കടത്തുകാരുടെ കൂട്ടിക്കൊടുപ്പുകാരനെന്ന ചാപ്പയും ആഞ്ഞുപതിച്ചു. അതുവരെയും 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി' എന്നു മാത്രം അഭിസംബോധനം ചെയ്തു വാഴ്ത്തിക്കൊണ്ടിരുന്ന, എതിരാളികളോട് ദയാദാക്ഷിണ്യമില്ലാതെ മുട്ടിനിന്ന അൻവറിന്റെ ആത്മവീര്യമത്രയും ആ ഒരൊറ്റ വാർത്താസമ്മേളനത്തിൽ ചോർന്നുപോയി. അൻവർ തന്നെ അക്കാര്യം തുറന്നുസമ്മതിച്ചു.
പ്രതിരോധത്തിലായ അൻവർ ആരോപണമുന പരോക്ഷമായി മുഖ്യമന്ത്രിയിലേക്കും തിരിച്ചുവച്ചു. ഒടുവിൽ രാഷ്ട്രീയകേരളം ഉറ്റുനോക്കിയ, ടെലിവിഷൻ ചാനലുകൾ ഇടവേളയില്ലാതെ തത്സമയം പ്രക്ഷേപണം ചെയ്ത രണ്ടു മണിക്കൂർ വാർത്താസമ്മേളനത്തോടെ അൻവർ പിണറായി വിജയനെതിരെയും പരസ്യയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. കത്തിജ്ജ്വലിച്ചു നിന്ന പിണറായിയെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ അദ്ദേഹത്തെ വെറുക്കുന്നുവെന്നും ഒരു ഇടതുപക്ഷ എംഎൽഎ പരസ്യമായി തുറന്നടിച്ച അത്യപൂർവമായ മുഹൂർത്തമായിരുന്നു അത്.
പിണറായി വിജയനോട് മുന്നണിയിലെ ഘടകകക്ഷികളും, പാർട്ടിയിലെ പ്രതിയോഗികൾ വരെ പറയാൻ മടിച്ച അപ്രിയസത്യങ്ങളോരോന്നായി വിളിച്ചുപറഞ്ഞു അൻവർ. പിണറായിയുടെ മടിയിൽ കനമുണ്ടെന്നു വിളിച്ചുപറഞ്ഞു. അദ്ദേഹത്തിന് ബിജെപി നേതാക്കളുമായി രഹസ്യബന്ധമുണ്ടെന്ന്, മകൾക്കു വേണ്ടി എഡിജിപിയെ ആർഎസ്എസ് നേതാക്കളെ കാണാൻ അയച്ചെന്നു വരെ തുറന്നടിച്ചു. ആഭ്യന്തരം പരാജയമാണെന്നും വകുപ്പൊഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഏകാധിപതിയാണെന്നും പാർട്ടിയിൽ എതിർശബ്ദങ്ങളെയെല്ലാം അടക്കിനിർത്തിയിരിക്കുകയാണെന്നും വിളിച്ചുപറഞ്ഞു. അവസാനമായി, പാർട്ടി പിടിച്ചു പുറത്തിട്ടാൽ ഇടതും വലതുമില്ലാതെ 'നടുപക്ഷത്ത്' ഇരിക്കുമെന്നും കേസും കൊലയും ഏറ്റുവാങ്ങാൻ ഉറച്ചുതന്നെയാണെന്നും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് പി.വി അൻവർ.
പാർട്ടിയും കൈവിട്ടു; പെരുവഴിയിലാകുമോ?
കേരളത്തിലെ സിപിഎം ചരിത്രത്തിൽ സമാനതകളില്ലാത്ത ദിവസങ്ങളാണു കടന്നുപോയത്. മുന്നണിയുടെ ഭാഗമായൊരു എംഎൽഎ സ്വന്തം സർക്കാരിനെതിരെ ആരോപണശരങ്ങൾ അഴിച്ചുവിട്ടിട്ടും 'ഗൗരവമുള്ളതെന്നും' 'ഗൗരവപൂർവം അന്വേഷിക്കുമെന്നും' പറഞ്ഞ് ഒപ്പംനിർത്തുകയായിരുന്നു പാർട്ടിയും എൽഡിഎഫും ചെയ്തത്. പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മുന്നണി കൺവീനർ ടി.പി രാമകൃഷ്ണനും അക്കാര്യത്തിൽ ഒരേ സ്വരമായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തോടെ രണ്ടുപേരും നിലപാട് മാറ്റി, അൻവർ അടങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇന്നലെ വൈകീട്ടോടെ പാർട്ടിയുടെ സ്വരവും മാറി.
അൻവറിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ആദ്യം എ. വിജയരാഘവനും പിന്നാലെ എം.വി ഗോവിന്ദനും ടി.പി രാമകൃഷ്ണനും രംഗത്തെത്തി. പാർട്ടി ശത്രുക്കളുടെ നാവാകുകയാണ് അൻവറെന്നും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ഇനി അൻവറിനോട് വിട്ടുവീഴ്ച വേണ്ടെന്നും ഇടത് എംഎൽഎ എന്ന പരിഗണന വേണ്ടെന്നും തീരുമാനിച്ചിരിക്കുകയാണ് സിപിഎം. പാർലമെന്ററി പാർട്ടിയിൽനിന്നും പുറത്താക്കാൻ നീക്കം നടക്കുന്നു. മുതിർന്ന നേതാക്കൾ മുതൽ യുവനേതാക്കൾ വരെ ഒന്നൊന്നായി അൻവറിനെതിരെ ആക്രമണവുമായി രംഗത്തെത്തിക്കഴിഞ്ഞു.
കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേർന്ന്, പാർട്ടിക്കു വേണ്ടി സൈബർപട നയിച്ച്, എതിരാളികളെ ദയാദാക്ഷിണ്യമേതുമില്ലാതെ കടന്നാക്രമിച്ച അൻവറിനെ ഒടുവിൽ അതേ പാർട്ടി തന്നെ പെരുവഴിയിൽ ഉപേക്ഷിക്കുകയാണ്. സിപിഎമ്മിനു വേണ്ടിയുള്ള യുദ്ധത്തിൽ കോൺഗ്രസിനെയും ലീഗിനെയുമെല്ലാം 'കൊന്നുകൊലവിളിച്ചതെല്ലാം' സോഷ്യൽ മീഡിയയിൽ അങ്ങനെത്തന്നെ കിടക്കുന്നുണ്ട്. ഇടതും വിട്ടു, വലത്തും ഇടമില്ല. അൻവറിന്റെ രാഷ്ട്രീയഭാവിയിൽ ഇരുളടയുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
കോൺഗ്രസ് തിരിച്ചെടുക്കുമോ? സിപിഐയുടെ മൗനമെന്തിന്?
കോൺഗ്രസിലേക്കും യുഡിഎഫിലേക്കും ഒരു മടക്കം സാധ്യമാണോ? രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ ഡിഎൻഎ പരാമർശം പരസ്യമായി പിൻവലിച്ചു മാപ്പുപറഞ്ഞാൽ ആലോചിക്കാമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസിലേക്കുള്ള ഘർവാപസിക്കുള്ള വാതിൽ തുറന്നുകിട്ടിയാൽ കയറിച്ചെല്ലാനായി അക്കാര്യത്തിലും ഇന്നലെ അൻവർ വ്യക്തത വരുത്തിയിട്ടുണ്ട്. ഡിഎൻഎ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നായിരുന്നു വിശദീകരണം. രാഹുൽ ഗാന്ധിയുടെയും ഗാന്ധി കുടുംബത്തിന്റെയും മഹത്വവും സ്വന്തം കുടുംബവും പിതാവുമായുള്ള ബന്ധവും വാഴ്ത്തിപ്പറയാനും അദ്ദേഹം മറന്നില്ല. കോൺഗ്രസിനോടുണ്ടായിരുന്നത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തോടുള്ള വിയോജിപ്പായിരുന്നുവെന്നും വിശദീകരിച്ചു.
രാഷ്ട്രീയ പാർട്ടികൾ ആർക്കു മുന്നിലും വാതിൽ അടയ്ക്കാറില്ലെന്ന് പിന്നാലെ സുധാകരൻ വ്യക്തമാക്കുകയും ചെയ്തു. അൻവറിന്റെ കാര്യത്തിൽ പാർട്ടി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, തൽക്കാലം അൻവറിനെ കൊള്ളുകയും തള്ളുകയും വേണ്ടെന്ന തന്ത്രപരമായ നിലപാട് സ്വീകരിക്കാനാണ് യുഡിഎഫിൽ ധാരണ. അൻവർ ഉയർത്തിയ ആരോപണങ്ങൾ ആയുധമാക്കി സർക്കാരിനെ ആക്രമിക്കാനാണു തീരുമാനം. ഇപ്പോൾ തിരക്കിട്ട് മുന്നണിയിലെടുത്താൽ അതു സർക്കാരിനെതിരായ സമരത്തിന്റെ വീര്യവും മെറിറ്റും കുറയ്ക്കുമെന്ന ചിന്തയാകാം അത്തരമൊരു തീരുമാനത്തിനു പിന്നിൽ.
അതേസമയം, സിപിഐയുടെ അർഥഗർഭമായ മൗനമാണ് ഏറ്റവും ശ്രദ്ധേയം. അൻവർ ഉയർത്തിയ വിഷയങ്ങളെല്ലാം വി.എസ് സുനിൽ കുമാർ ഉൾപ്പെടെയുള്ള സിപിഐ നേതാക്കളെല്ലാം നിരന്തരം ശക്തിയുക്തം ഉന്നയിക്കുന്നുണ്ട്. തൃശൂർ പൂരം കലക്കൽ, പൊലീസിലെ 'ആർഎസ്എസ് ഫാക്ഷൻ' ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രത്യേകിച്ചും. മുന്നണിയുടെ ഭരണത്തലവനെതിരെ എംഎൽഎ ഗുരുതരമായ ആരോപണമുന്നയിച്ചിട്ടും പ്രമുഖരായ സിപിഐ നേതാക്കളൊന്നും ഇതുവരെയും പ്രതിരോധവുമായി രംഗത്തെത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്. അൻവറിനെ തള്ളുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല പാർട്ടി. പിണറായി ഭരണത്തിലും സിപിഎം ഏകാധിപത്യത്തിലും കടുത്ത അതൃപ്തിയുള്ള സിപിഐ അൻവറിനായി വാതിൽ തുറന്നിടുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.
ഏറ്റവുമൊടുവിൽ, കോളിളക്കം സൃഷ്ടിച്ച വാർത്താസമ്മേളനത്തിനു തൊട്ടുപിന്നാലെ മീഡിയവണിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പുതിയ പാർട്ടി രൂപീകരണത്തിന്റെ സാധ്യതയും അൻവർ തള്ളിയിട്ടില്ല. ഇടതുപക്ഷത്തിന്റെ സ്വതന്ത്ര എംഎൽഎമാരെയും നേതാക്കളെയും കൂട്ടുപിടിച്ച് ഒരു പുതിയ പാർട്ടി നീക്കം ഒരുപക്ഷേ ഉണ്ടായേക്കാം. കെ.ടി ജലീൽ, കാരാട്ട് റസാഖ്, നിയാസ് പുളിക്കലകത്ത് തുടങ്ങിയവരെല്ലാം അൻവറിന്റെ പോരാട്ടത്തിന് പലവഴിക്ക് 'പിന്തുണ പ്രഖ്യാപിച്ചു' കഴിഞ്ഞവരാണ്. മന്ത്രിയായിട്ടും മലപ്പുറത്തെ പൊലീസിനെതിരെ വി. അബ്ദുറഹ്മാൻ പരസ്യ വിമർശനം നടത്തിയിട്ടുമുണ്ട്.
പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി പുതിയ രാഷ്ട്രീയ പാർട്ടിയോ സാമൂഹിക സംഘടനയോ രൂപീകരിക്കുന്ന കാര്യം ആലോചിക്കുമെന്നാണ് അൻവർ മീഡിയവണിനോട് പറഞ്ഞത്. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രമുഖ നേതാക്കൾക്കിടയിൽ കൊണ്ടുംകൊടുത്തും തുടരുന്ന അവിശുദ്ധ കൂട്ടുകെട്ടായിരിക്കും തന്റെ ആയുധമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിലേക്കു ജനശ്രദ്ധ ക്ഷണിക്കാനായിരിക്കും വരുംനാളുകളിൽ ശ്രമമെന്നും അറിയിച്ചിട്ടുണ്ട്. മലപ്പുറം ക്രിമിനൽവൽക്കരണവും സമുദായ വിഷയങ്ങളും ഉയർത്തി മുസ്ലിം ലീഗിന്റെ രാഷ്ട്രീയപ്രസക്തി ചോദ്യംചെയ്യാനും പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ 'വ്യക്തിതാൽപര്യ'ങ്ങളെ ഉന്നമിടാനും അൻവർ പ്രത്യേകം ശ്രദ്ധിച്ചതും ഇതോടൊപ്പം ചേർത്തുപറയണം.
അങ്ങനെയാണെങ്കിൽ വരുന്ന ഞായറാഴ്ച നിലമ്പൂരിൽ നടക്കാനിരിക്കുന്ന പൊതുസമ്മേളനത്തിന്റെ രാഷ്ട്രീയപ്രാധാന്യമേറുകയാണ്. സ്വന്തം തട്ടകത്തിൽ സിപിഎമ്മിനെതിരെയുള്ള പരസ്യമായ ശക്തിപ്രകടനമായിരിക്കും അൻവർ ഒന്നാമതായി ലക്ഷ്യമിടുന്നത്. ഇടതടവില്ലാതെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളുടെ 'ജനഹിതപരിശോധന'യുമാകുമത്. പുതിയൊരു രാഷ്ട്രീയനീക്കത്തിന് അൻവറിന് ജനകീയബലവും 'ബാല്യവുമു'ണ്ടോ എന്നും അവിടെ തീരുമാനിക്കപ്പെട്ടേക്കാം.
Summary: What is next for PV Anvar after CPM openly rejects his allegations against Kerala CM Pinarayi Vijayan? Will he return to Congress and form a new party?