Kerala
PV Anvar released call record of SP Sujit Das in Tanur custodial death Case
Kerala

'ജയിലിൽ പോവുമോയെന്ന് ഭയം, മനഃപൂർവം കൊല്ലണമെന്നുണ്ടായിരുന്നില്ല': താനൂർ കസ്റ്റഡിമരണത്തിൽ എസ്.പിയുടെ ശബ്ദരേഖ പുറത്തുവിട്ട് പി.വി.അൻവർ

Web Desk
|
1 Sep 2024 12:45 PM GMT

ഓഡിയോ സന്ദേശം തെളിവായി സ്വീകരിച്ച് സുജിത് ദാസിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് കത്ത് നൽകാനൊരുങ്ങുകയാണ് താമിർ ജിഫ്രിയുടെ കുടുംബം.

മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ മുൻ മലപ്പുറം എസ്.പിയും നിലവിലെ പത്തനംതിട്ട എസ്.പിയുമായ സുജിത് ദാസിന്റെ ശബ്ദരേഖ പുറത്തുവിട്ട് പി.വി അൻവർ എം.എൽ.എ. താമിർ ജിഫ്രിയെ മനപൂർവം മനഃപൂർവം കൊല്ലണമെന്ന് ഉണ്ടായിരുന്നില്ലെന്നും കസ്റ്റഡി കൊലയുടെ പേരിൽ ജയിലിൽ പോവുമോയെന്ന് ഭയമുണ്ടെന്നും സുജിത് ദാസ് ഓഡിയോ സന്ദേശത്തിൽ പറയുന്നു. വല്ലാത്ത മാനസികാവസ്ഥയിലാണ് താനെന്നും സുജിത് ദാസ് പറയുന്നു.

മലപ്പുറം മുൻ എസ്.പി. സുജിത് ദാസിന്റെ ടെലഫോൺ സംഭാഷണത്തിലൂടെ താനൂർ കസ്റ്റഡി കൊലപാതകം സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഓഡിയോ സന്ദേശം തെളിവായി സ്വീകരിച്ച് സുജിത് ദാസിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് കത്ത് നൽകാനൊരുങ്ങുകയാണ് താമിർ ജിഫ്രിയുടെ കുടുംബം.

ലഹരിമരുന്ന് അടങ്ങിയ പ്ലാസ്റ്റിക് കവർ വിഴുങ്ങിയാണ് താമിർ ജിഫ്രി മരിച്ചതെന്നാണ് പി.വി അൻവറിനോട് സുജിത് ദാസ് ആദ്യം പറയുന്നത്. കൊല്ലാൻ വേണ്ടി മർദിച്ചില്ലെന്നും പറയുന്നു. എം.ഡി.എം.എ പിടിക്കണമെന്ന ഉദ്ദേശ്യമായിരുന്നു. താനൂർ കസ്റ്റഡി മരണക്കേസിൽ ജയിലിൽ പോകേണ്ടി വരുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് മരംമുറിയിൽ പരാതി വന്നിരിക്കുന്നതെന്നും സുജിത് ദാസ് ഫോൺ സംഭാഷണത്തിൽ പറയുന്നു.

കേരളം മുഴുവൻ അറിയപെടുന്ന എം.എൽ.എ പരാതി കൊടുത്താൽ പ്രശ്നമാണെന്നും സുജിത് ദാസ് പറയുന്നു. പുറംലോകം അറിയില്ല. പരാതി പിൻവലിക്കണം. തൻ്റെ സമാധനത്തിനായി അത് ചെയ്യണമെന്നും മനസമാധാനത്തോടെ ജോലിചെയ്യേണ്ടതുണ്ടെന്നും സുജിത് ദാസ്. നിലവിലെ മലപ്പുറം എസ്.പി ശശിധരനെ പിടിക്കാൻ പല വഴിയുണ്ട്. തന്നെ വിട്ടുകൂടേ. തനിക്ക് തലപുകയുകയാണ്. മലപ്പുറം എസ്.പിക്ക് എന്നോട് ശത്രുതയാണെന്നും സുജിത് ദാസ് പറയുന്നു.

ത‌ന്നെ മോശക്കാരനാക്കാനാണ് ശശിധരൻ ശ്രമിക്കുന്നത്. എം.ആർ അജിത്കുമാറിൻ്റെ പിന്തുണ എസ്.പി ശശീന്ദ്രന് ഉണ്ട്. മലപ്പുറം എസ്.പിക്ക് തലയ്ക്ക് അസുഖമാണെന്നും ഫോൺ സംഭാഷണത്തിൽ സുജിത് ദാസ് പറയുന്നു.

അതേസമയം, തെറ്റ് ചെയ്തതു കൊണ്ടാണ് സുജിത് ദാസ് ഭയപ്പെടുന്നത് എന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി മീഡിയവണിനോട് പറഞ്ഞു. തെറ്റ് ചെയ്യാത്ത ഒരാൾ പേടിക്കേണ്ട ആവശ്യമില്ല. എസ്.പി ചെയ്ത തെറ്റിന് അയാൾ ശിക്ഷിക്കപ്പെടണം. ഭരണപക്ഷ എം.എൽ.എയാണ് ആരോപണം ഉന്നയിച്ചത്. സർക്കാർ തീർച്ചയായും അത് കണക്കിലെടുക്കണമെന്നും സഹോദരൻ പറഞ്ഞു.

എസ്.പി മൂന്നര കൊല്ലം എന്തുചെയ്തു എന്നത് സർക്കാർ കൃത്യമായി അന്വേഷണം നടത്തണം. മയക്കുമരുന്ന് വിഴുങ്ങിയതാണ് മരണകാരണം എന്ന് എസ്.പി പറഞ്ഞതുപോലെയാണ് താനൂരിലെ സി.പി.എം നേതാവും പറഞ്ഞത്. കൃത്യമായി മർദനമേറ്റാണ് മരണപ്പെട്ടത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് എസ്.പി നടത്തുന്നത്. അൻവർ എം.എൽ.എയുടെ കോൾ റെക്കോർഡ് തെളിവായി സ്വീകരിച്ച് സുജിത്ത് ദാസിനെ പ്രതി ചേർക്കണമെന്നും ഇക്കാര്യം സി.ബി.ഐയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Similar Posts