'സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കും, എംഎൽഎ സ്ഥാനം രാജിവെക്കില്ല': പി.വി അൻവർ
|'ജനം തന്ന എംഎൽഎ പദവി കാലാവധി തീരുവോളം ഉണ്ടാകും'
നിലമ്പൂർ: താൻ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് കരുതി ആരും കാത്തിരിക്കേണ്ടെന്ന് പി.വി അൻവർ എംഎൽഎ. നിയമസഭയിൽ ഭരണപക്ഷത്തിന് ഒപ്പം ഇരിക്കില്ലെന്നും ഇരിക്കാൻ വേറെയും സ്ഥലമുണ്ടെന്നും അൻവർ. 'എൽ ഡി എഫ് പാർലമെന്ററി യോഗത്തിൽ പങ്കെടുക്കില്ല. പാർട്ടി പ്രവർത്തകരിലാണ് തന്റെ വിശ്വാസം. ജനം തന്ന എംഎൽഎ പദവി കാലാവധി തീരുവോളം ഉണ്ടാകും.' അൻവർ കൂട്ടിച്ചേർത്തു. പാർട്ടി നിർദേശം ലംഘിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് അൻവർ ഉന്നയിച്ചത്.
ജനങ്ങളോട് എല്ലാ കാര്യങ്ങളും സംസാരിക്കാൻ വേണ്ടി ഞായറാഴ്ച അൻവർ നിലമ്പൂരിൽ പൊതുസമ്മേളനം നടത്തും. 'ഈ രീതിയിലാണെങ്കിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ല. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷിന് പോലും മനസ് തുറന്ന് സംസാരിക്കാൻ സാധിക്കുന്നില്ലെന്നും' അൻവർ കൂട്ടിച്ചേർത്തു. വൈകീട്ട് നാലരയ്ക്ക് തുടങ്ങിയ വാർത്താസമ്മേളനം രണ്ട് മണിക്കൂറാണ് നീണ്ടുനിന്നത്.