Kerala
P.V. Anvars disclosure will be examined Says LDF Convenor
Kerala

പി.വി. അൻവറിൻ്റെ വെളിപ്പെടുത്തൽ പരിശോധിക്കും; എൽ.ഡി.എഫ് കൺവീനർ

Web Desk
|
1 Sep 2024 11:38 AM GMT

തെളിവുകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു.

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെയുൾപ്പെടെ പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. വെളിപ്പെടുത്തലിൽ വസ്തുതയുണ്ടോ എന്ന് നോക്കി തുടർനടപടിയെടുക്കും. അൻവർ പാർട്ടിയുമായി കൂടിയാലോചിച്ചല്ല കാര്യങ്ങൾ പറയുന്നതെന്നും ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു.

സി.പി.എമ്മുമായി സഹകരിക്കുന്ന വ്യക്തി എന്ന നിലയിൽ വിവരങ്ങൾ ആരായും. തെളിവുകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

പി.വി അൻവർ എം.എൽ.എ നടത്തിയ വെളിപ്പെടുത്തലിൽ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. വെളിപ്പെടുത്തൽ അറിയാനും ഗൗരവത്തോടെ കാണാനും കെൽപുള്ള പാർട്ടിയാണ് സി.പി.എം എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

എ.ഡി.ജി.പി അജിത് കുമാറിനും എസ്.പി സുജിത് ദാസിനുമെതിരെ ​ഗുരുതര വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് പി.വി അൻവർ എം.എൽ.എ ഉയർ‍ത്തിയത്. അജിത് കുമാർ നൊട്ടോറിയസ് ക്രിമിനൽ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അൻവർ പറഞ്ഞു.

മന്ത്രിമാരുടെ ഫോൺ കോളുകൾ എ.ഡി.ജി.പി ചോർത്തുന്നുണ്ടെന്നും ഇതിനായി സൈബർ സെല്ലിൽ പ്രത്യേക സംവിധാനമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. ഇതിനായി ഐ.പി.എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെയും പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടേയും ഫോൺ അജിത്കുമാർ ചോർത്തുന്നുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും എംഎല്‍എ പ്രതികരിച്ചു. ശശിയെയും എ.ഡി.ജി.പിയേയും മുഖ്യമന്ത്രി വിശ്വസിച്ച് ചുമതലകൾ ഏൽപിച്ചെങ്കിലും അത് കൃത്യമായി നിർവഹിച്ചില്ല. മുഖ്യമന്ത്രി ഏൽപ്പിച്ച ജോലി ചെയ്യുന്നതിൽ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാജയപെട്ടു. എന്നാൽ ഇതിന്റെ പഴി സർക്കാറിനാണ്. മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും മറുപടി പറയേണ്ട സമയമാണിതെന്നും അൻവർ പറഞ്ഞു. താൻ പൊതുവിഷയങ്ങളിൽ പല തവണ പി.ശശിയെ നേരിൽ കണ്ട് കത്ത് നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും തൻ്റെ ജീവൻ അപകടത്തിലാണെന്നും അൻവർ ആരോപിച്ചു.

സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. അജിത്കുമാർ ദേശദ്രോഹിയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.പി സുജിത് ദാസിനും സ്വർണക്കടത്തിൽ പങ്കുണ്ട്. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന സുജിത് ദാസ് ഈ സ്വാധീനം ഉപയോഗിച്ചാണ് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വർണക്കടത്ത് നടത്തിയതെന്നും അൻവർ വെളിപ്പെടുത്തി.

Similar Posts