Kerala
pv anwar mla
Kerala

‘തോക്ക് കിട്ടിയാൽ മതി. താൻ കൈകാര്യം ചെയ്തുകൊള്ളാം’; തോക്ക് ലൈസൻസിന് അപേക്ഷ നൽകി പി.വി അൻവ‌ർ എംഎൽഎ

Web Desk
|
2 Sep 2024 8:07 AM GMT

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് തോക്ക് ലൈസൻസിന് അപേക്ഷ നൽകിയതെന്ന് പി.വി അൻവർ പറഞ്ഞു

മലപ്പുറം: എഡിജിപി എം.ആർ അജിത്കുമാറിനെതി​രെ കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പി.വി അൻവർ എംഎൽഎ. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് തോക്ക് ലൈസൻസിന് അപേക്ഷ നൽകിയതെന്ന് അൻവർ പറഞ്ഞു.

മലപ്പുറം ജില്ലാ കളക്ടറുടെ ഓഫീസിലെത്തിയാണ് തോക്ക് ലൈസൻസിന് അപേക്ഷ നൽകിയത്. കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാൽ മതി, താൻ കൈകാര്യം ചെയ്തുകൊള്ളാമെന്നായിരുന്നു അൻവറിന്റെ മറുപടി. മാധ്യമങ്ങളെ കണ്ടതിന് പിന്നാ​ലെയാണ് തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയത്.

സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാറാണെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ഫോണ്‍സന്ദേശം അന്‍വര്‍ പുറത്തുവിട്ടു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശമാണ് അന്‍വര്‍ പുറത്തുവിട്ടത്. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തുവിടുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കവടിയാർ കൊട്ടാരത്തിന് സമീപത്തായി അജിത് കുമാർ കൊട്ടാരം പണിയുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു. കവടിയാർ കൊട്ടാരത്തിന് സമീപത്ത് 60 മുതൽ 70 ലക്ഷം രൂപയാണ് ഒരു സെൻ്റിന് വില. വീട് പണിയുന്നതിന്റെ രേഖകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ പോയി അന്വേഷിച്ചാല്‍ ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ സാധിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. എടവണ്ണയിലെ റിദാൻ എന്ന ചെറുപ്പക്കാരന്‍റെ കൊലപാതകത്തിൽ ദുരൂഹതയുണ്ട്. മരിച്ച റിദാൻ ബേസിലിൻ്റെ കൈയിൽ സ്വർണക്കടത്തിൻ്റെ വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും അൻവർ ആരോപിച്ചു.

അതേസമയം അജിത് കുമാര്‍ തന്നോട് സംസാരിച്ചിട്ടുണ്ടെന്ന് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി പറഞ്ഞു. കെ.സി വേണുഗോപാലിനു വേണ്ടിയാണ് തന്നോട് സംസാരിച്ചത്. അജിത് കുമാറുമായി സൗഹൃദബന്ധം ഉണ്ടായിരുന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചാൽ സഹകരിക്കുമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts