'ഷാജൻ സ്‌കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി'; ഡിജിപിക്ക് പരാതി നൽകി പി.വി അൻവർ എം.എൽ.എ
|പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്താൻ ഷാജൻ സ്‌കറിയ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്ന് പി വി അൻവർ
തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് പി.വി അൻവർ എംഎൽഎ ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് പരാതി നൽകി. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണിതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇമെയിൽ വഴി പരാതി അയച്ചു.
പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്താൻ ഷാജൻ സ്‌കറിയ മഹാരാഷ്ട്രയിലെ സംവിധാനങ്ങൾ ഉപയോഗിച്ചെന്ന് പി വി അൻവർ ആരോപിച്ചു. തന്റെ പരാതി അന്വേഷിക്കുമെന്ന് ഡിജിപി ഉറപ്പു നൽകിയതായി പി വി അൻവർ മീഡിയ വണിനോട് പറഞ്ഞു. വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജിൻ നൽകിയ കേസിൽ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മൂന്നാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. പട്ടികജാതി-പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. പി.വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് ഷാജനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഹരജി 17ന് പരിഗണിക്കാനായിരുന്നു സുപ്രിംകോടതി നേരത്തെ തീരുമാനിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബെഞ്ച് പരിഗണനക്കെടുത്തത്.
ശ്രീനിജിനെ അധിക്ഷേപിച്ച് മെയ് 25ന് മറുനാടൻ മലയാളി ചാനലിൽ വന്ന വാർത്ത പിന്നീട് വിവിധ മാധ്യമങ്ങളിലുടെ ഷാജൻ സ്‌കറിയ വ്യാപകമായി പ്രചാരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ജൂൺ എട്ടിനാണ് എം.എൽ.എ എളമക്കര പൊലീസിൽ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഷാജൻ ഒളിവിൽപ്പോയി. തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. ഷാജൻ സ്‌കറിയക്ക് പുറമെ സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ എം. റിജു എന്നിവരും പ്രതികളാണ്.
PV Anwar MLA Complained to DGP Dr. Sheikh Darvesh Sahab Alleging that Shajan Skaria had leaked the wireless messages of the Kerala Police.