Kerala
auto driver abdul sathar and pv anvar mla
Kerala

‘മരിച്ച ഓട്ടോ ഡ്രൈവറുടെ സ്വന്തം വീടെന്ന ആഗ്രഹം സാധ്യമാക്കണം’; അഭ്യർഥിച്ച് പി.വി അൻവർ

Web Desk
|
12 Oct 2024 11:02 AM GMT

സത്താറിന്റെ മകന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്

കോഴിക്കോട്: കാസർകോട്ട് പൊലീസ് അകാരണമായി ഓട്ടോ കസ്റ്റഡിയിലെടുത്ത് വിട്ടുനൽകാത്തതിനെ തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത അബ്ദുൽ സത്താറിന്റെ വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ എല്ലാവരും സഹായിക്കണമെന്ന അപേക്ഷയുമായി പി.വി അൻവർ എംഎൽഎ. ഇതിനായി സത്താറിന്റെ മകന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങൾ തന്റെ അഭ്യർത്ഥന ഏറ്റെടുക്കണമെന്ന് അപേക്ഷിക്കുകയാണെന്നും പി.വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ വിഹിതം കുടുംബത്തെ സന്ദർശിച്ച അവസരത്തിൽ മകന് കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ കൂടെ പണമയക്കാനുള്ള ക്യുആർ കോഡും പങ്കുവെച്ചിട്ടുണ്ട്.

​ശനിയാഴ്ച രാവിലെയാണ് പി.വി അൻവർ ഓട്ടോ ഡ്രൈവർ സത്താറിന്റെ കുടംബത്തെ സന്ദർശിച്ചത്. സർക്കാർ സത്താറിന്റെ കുടുംബത്തിന് വീടുവച്ചുകൊടുക്കണമെന്ന് പി.വി അൻവർ ആവശ്യപ്പെട്ടിരുന്നു. വീട് നിർമിക്കാനായി കേരളത്തിലെ ജനങ്ങൾ 10 രൂപയെങ്കിലും കുടുംബത്തിന് നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

കഴിഞ്ഞ ഒക്ടോബർ ഏഴിനാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അബ്ദുൽ സത്താർ (55) ജീവനൊടുക്കിയത്. ഫേസ്ബുക്കിൽ മരണകാരണം കുറിച്ചുവച്ചായിരുന്നു ആത്മഹത്യ ചെയ്തത്. മരണത്തിനു നാലുദിവസം മുൻപ് കാസർകോട് ഗീത ജങ്ഷൻ റോഡിൽ സത്താർ ഗതാഗതനിയമം ലംഘിച്ചെന്ന് ആരോപിച്ച് ടൗൺ പൊലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുശേഷം വാഹനം വിട്ടുകിട്ടാൻ പലതവണ സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും പൊലീസ് ഇതിനു തയാറായിരുന്നില്ല.

Similar Posts