Kerala
PV Anwars candidate lost in Chelakkara by 60,907 votes
Kerala

ചേലക്കരയിൽ പി.വി അൻവറിന്റെ സ്ഥാനാർഥി നേടിയത് 3920 വോട്ട്‌

Web Desk
|
23 Nov 2024 12:44 PM GMT

മുൻ കോൺഗ്രസ് നേതാവായ എൻ.കെ സുധീറിനെയാണ് അൻവർ കളത്തിലിറക്കിയത്.

കോഴിക്കോട്: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ എംഎൽഎയുടെ ഡിഎംകെ സ്ഥാനാർഥി എൻ.കെ സുധീർ തോറ്റത് 60,907 വോട്ടിന്. മുൻ കോൺഗ്രസ് നേതാവായ എൻ.കെ സുധീറിനെയാണ് അൻവർ കളത്തിലിറക്കിയത്. 3920 വോട്ടാണ് സുധീറിന് ആകെ ലഭിച്ചത്. ഇരു മുന്നണികളെയും വെല്ലുവിളിച്ച് അങ്കത്തിനിറങ്ങിയ അൻവറിന്റെ സ്ഥാനാർഥിക്ക് ചേലക്കരയിൽ ഒരു അനക്കവും സൃഷ്ടിക്കാനായില്ല. 12,201 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ് ആണ് ചേലക്കരയിൽ വിജയിച്ചത്.

ചേലക്കരയിൽ തങ്ങൾക്ക് കിട്ടിയത് കൃത്യമായ രാഷ്ട്രീയ ആശയത്തിന് ലഭിച്ച അംഗീകാരമാണ് എന്നായിരുന്നു പി.വി അൻവറിന്റെ പ്രതികരണം. മുസ്‌ലിം ലീഗിനോ കേരള കോൺഗ്രസിനോ ഒറ്റക്ക് മത്സരിച്ചാൽ എല്ലാ മണ്ഡലത്തിലും ഇത്ര വോട്ട് നേടാനാവില്ല. തങ്ങൾക്ക് മണ്ഡലം കമ്മിറ്റികളോ പഞ്ചായത്ത് കമ്മിറ്റികളോ ഇല്ല. തനിക്ക് വ്യക്തിപരമായ ഒരു സ്വാധീനവും ചേലക്കരയിലില്ല. ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രമായ ഒരു സംഘടനയാണ് ഡിഎംകെ. ആ പാർട്ടിക്ക് ലഭിച്ച വോട്ടുകൾ അതിന്റെ രാഷ്ട്രീയ ആശയത്തിന് ലഭിച്ചതമാണെന്നും അൻവർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് പി.വി അൻവർ പാർട്ടിയുമായും സർക്കാരുമായും ഇടഞ്ഞത്. പൊലീസിനും എഡിജിപി അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെയായിരുന്നു അൻവർ ആദ്യം ആരോപണമുന്നയിച്ചത്. ഇത് മുഖ്യമന്ത്രി തള്ളിയതോടെ അൻവർ മുഖ്യമന്ത്രിക്കെതിരെയും തുറന്നടിച്ചു. ഇടതുപക്ഷവുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച അൻവർ സ്വന്തം പാർട്ടിയായി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു.

പാലക്കാടും ചേലക്കരയിലും അൻവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. ബിജെപിയുടെ വിജയം തടയാൻ രാഹുലിനെ പിന്തുണയ്ക്കുമെന്ന് പാലക്കാട്ടെ തെരഞ്ഞെടുപ്പ് റാലിയിലാണ് അൻവർ പ്രഖ്യാപിച്ചത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നും അൻവർ വ്യക്തമാക്കി. എന്നാൽ അൻവറിന്റെ പാർട്ടി സമ്പൂർണമായി അപ്രസ്‌കതമാവുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിരിക്കുന്നത്.

Similar Posts