Kerala
PV Anwars gold smuggling allegation: Special investigation team for detailed investigation in Karipur, latest news malayalam, പി.വി അൻവറിന്റെ സ്വർണക്കടത്ത് ആരോപണം: കരിപ്പൂരിൽ വിശദമായ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം
Kerala

പി.വി അൻവറിന്റെ സ്വർണക്കടത്ത് ആരോപണം: കരിപ്പൂരിൽ വിശദമായ പരിശോധനക്ക് പ്രത്യേക അന്വേഷണ സംഘം

Web Desk
|
8 Sep 2024 3:34 AM GMT

നികുതി വെട്ടിച്ച് സ്വർണ്ണം കടത്തിയതിനെ സുജിത് ദാസ് മോഷണ കേസാക്കി മാറ്റിയോ എന്ന് പരിശോധിക്കും

മലപ്പുറം: മുൻ മലപ്പുറം എസ്.പിയുമായിരുന്ന സുജിത് ദാസിനെതിരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. കരിപ്പൂരിലെ സ്വർണകടത്ത് വിശദമായി പരിശോധിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നികുതി വെട്ടിച്ച് സ്വർണ്ണം കടത്തിയതിനെ മോഷണ കേസായി രജിസ്റ്റർ ചെയ്തോ എന്നാണ് പരിശോധിക്കുക.

സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ സ്വർണം പൊലീസ് പിടികൂടിയത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ഇതിന്റെ ഭാ​ഗമായി 124 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. സ്വർണക്കടത്തിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളിയുണ്ടെന്നാണ് പി.വി അൻവർ ആരോപിച്ചത്. ഇന്നലെ ഡിഐജിക്ക് നൽകിയ മൊഴിയിലും അൻവർ ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ പത്തനംതിട്ട എസ്.പിയും മുൻ മലപ്പുറം എസ്.പിയുമായിരുന്ന സുജിത് ദാസിനെതിരെയും ​ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. എസ്.പി സുജിത് ദാസിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് അൻവർ ആരോപിച്ചിരുന്നു. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഈ സ്വാധീനം ഉപയോഗിച്ചാണ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണക്കടത്ത് നടത്തിയത്. സ്വർണം വരുമ്പോൾ ഒറ്റുകാർ വഴി സുജിത് ദാസിന് വിവരം കിട്ടും.

പിടികൂടിയ സ്വർണത്തിൻറെ 60 ശതമാനം പൊലീസ് അടിച്ചുമാറ്റും. ബാക്കി കുറച്ചു സ്വർണമാണ് കസ്റ്റംസിന്റെ രേഖയിൽ വരുന്നത്. കള്ളക്കടത്ത് സ്വർണമായതിനാൽ ആരും പരാതിയുമായി പോകില്ല. ഇതാണ് ഇവരുടെ രീതിയെന്നും അൻവർ പറഞ്ഞു. സ്വർണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പൊലീസ് ലൈംഗീക വൈകൃതത്തിന് ഇരയാകുന്നു എന്ന പുതിയ ആരോപണവും അൻവർ ഇന്നലെ ഉന്നയിച്ചിരുന്നു.

Similar Posts