Kerala
PV Anwar-Ajith Kumar
Kerala

'സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാര്‍'; എഡിജിപിക്കെതിരെ വീണ്ടും പി.വി അന്‍വര്‍

Web Desk
|
2 Sep 2024 6:16 AM GMT

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ

മലപ്പുറം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി.വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിച്ചത് അജിത് കുമാറാണെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഇതുമായി ബന്ധപ്പെട്ട ഫോണ്‍സന്ദേശം അന്‍വര്‍ പുറത്തുവിട്ടു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശമാണ് അന്‍വര്‍ പുറത്തുവിട്ടത്. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തുവിടുന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കവടിയാർ കൊട്ടാരത്തിന് സമീപത്തായി അജിത് കുമാർ കൊട്ടാരം പണിയുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു. കവടിയാർ കൊട്ടാരത്തിന് സമീപത്ത് 60 മുതൽ 70 ലക്ഷം രൂപയാണ് ഒരു സെൻ്റിന് വില. വീട് പണിയുന്നതിന്റെ രേഖകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ പോയി അന്വേഷിച്ചാല്‍ ഇതിന്‍റെ സത്യാവസ്ഥ അറിയാന്‍ സാധിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി. എടവണ്ണയിലെ റിദാൻ എന്ന ചെറുപ്പക്കാരന്‍റെ കൊലപാതകത്തിൽ ദുരൂഹതയുണ്ട്. മരിച്ച റിദാൻ ബേസിലിൻ്റെ കൈയിൽ സ്വർണക്കടത്തിൻ്റെ വിവരങ്ങൾ ഉണ്ടായിരുന്നുവെന്നും അൻവർ ആരോപിച്ചു.

അതേസമയം അജിത് കുമാര്‍ തന്നോട് സംസാരിച്ചിട്ടുണ്ടെന്ന് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി പറഞ്ഞു. കെ.സി വേണുഗോപാലിനു വേണ്ടിയാണ് തന്നോട് സംസാരിച്ചത്. അജിത് കുമാറുമായി സൗഹൃദബന്ധം ഉണ്ടായിരുന്നു. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചാൽ സഹകരിക്കുമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.



Similar Posts