'കുട്ടികൾക്ക് നേരിട്ട വിഷമത്തിൽ ക്ഷമ ചോദിക്കുന്നു'; ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവത്തിൽ പി.വി ശ്രീനിജൻ എം.എൽ.എ
|'മനപ്പൂർവം എന്നെ മോശക്കാരനാക്കാൻ വേണ്ടിയാണ് സ്പോർട്സ് കൗൺസിൽ ശ്രമിക്കുന്നത്'
കൊച്ചി: പനമ്പള്ളി നഗറിലെ കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ സംഭവത്തില്‍ മാപ്പ് ചോദിച്ച് പി.വി ശ്രീനിജൻ എം. എൽ.എ. കുട്ടികൾക്ക് നേരിട്ട വിഷമത്തിൽ ക്ഷമ ചോദിക്കുന്നു. താനല്ല ഗെയ്റ്റ് പൂട്ടാൻ നിർദേശം നൽകിയതെന്നും എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പ്രതികരണം മനപൂർവമെന്ന് കരുതുന്നു. മാധ്യമ വാർത്ത കണ്ടപ്പോൾ തന്നെ ഗെയ്റ്റ് തുറക്കാൻ നിർദേശിച്ചിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഗ്രൗണ്ട് വിട്ടുനൽകുന്നു എന്ന വിവരം പോലും തങ്ങളെ അറിയിച്ചില്ല. മനപ്പൂർവം തന്നെ മോശക്കാരനാക്കാൻ വേണ്ടിയാണ് സ്പോർട്സ് കൗൺസിൽ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സെലക്ഷൻ ട്രയൽസ് തടസപ്പെടുത്തിയ പി.വി ശ്രീനിജൻ എം.എൽ.എ ക്കെതിരെ ബ്ലാസ്റ്റേഴ്സ് നിയമനടപടിക്ക് ഒരുങ്ങിയാൽ പൂർണ്ണ പിന്തുണ നൽകുമെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചിട്ടുണ്ട്. കായിക താരങ്ങളെ ബുദ്ധിമുട്ടിച്ചത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് സ്പോർട്ട്സ് കൗൺസിലിന്റേത്.ഔദ്യോഗിക വിശദീകരണത്തിന് തയാറായിട്ടില്ലെങ്കിലും നിയ മനടപടികൾ സ്വീകരിക്കുന്നത് ഉൾപ്പെടെ ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നുണ്ട്.