പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ചു; വാട്ടർ അതോറിറ്റിക്കെതിരെ പരാതി
|ഇരു കൂട്ടരോടും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശം നൽകി
പൊതുമരാമത്ത് വകുപ്പിന്‍റെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിച്ചതിന് വാട്ടർ അതോറിറ്റിക്കെതിരെ പരാതി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ആണ് കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കുണ്ടറ ഓണമ്പലം - കുമ്പളം റോഡ് വെട്ടിപ്പൊളിച്ചതിന് എതിരെയാണ് പരാതി.
ഓണമ്പലത്ത് നിന്നും കുമ്പളത്തേക്ക് പോകുന്ന റോഡിന്‍റെ 800 മീറ്ററോളം ഭാഗം കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വാട്ടർ അതോറിറ്റി ജെസിബി ഉപയോഗിച്ച് കുഴിച്ചു. നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പൊതുമരാമത്ത് വകുപ്പിന്‍റെ യാതൊരുവിധ അനുമതിയും വാങ്ങിയില്ല. 800 മീറ്ററോളം റോഡിന്‍റെ ഒരു വശം പൂർണമായും തകർന്നു. ഇതോടെയാണ് അനുമതിയില്ലാതെ റോഡ് തകർത്തതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്കെതിരെ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ പോലീസിൽ പരാതി നൽകിയത്.
മാസങ്ങൾക്ക് മുമ്പ് കുണ്ടറ പള്ളിമുക്ക് - മുളവന റോഡും ഒരാഴ്ചയ്ക്ക് മുമ്പ് ആശുപത്രി മുക്ക് - തെറ്റിക്കുന്നു റോഡും അനുമതിയില്ലാതെ ജെസിബി ഉപയോഗിച്ച് പൊളിച്ചിരുന്നു. ഇവയെല്ലാം പൊതുമരാമത്ത് വകുപ്പ് തടഞ്ഞതോടെ വ്യവസ്ഥാപിതമായ മാർഗത്തിൽ വാട്ടർ അതോറിറ്റി അപേക്ഷ നൽകി റിസ്റ്റോറേഷൻ തുക അടച്ച ശേഷമാണ് നിർമാണങ്ങൾ പുനരാരംഭിച്ചത്. എന്നാൽ വീണ്ടും ഓണമ്പലം - കുമ്പളം റോഡിൽ വാട്ടർ അതോറിറ്റി ഇതേ രീതി തുടർന്നതിനാലാണ് പൊലീസിൽ പരാതി നൽകിയത്. ഇരു കൂട്ടരോടും ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ കുണ്ടറ പൊലീസ് നിർദേശം നൽകി.