'ആരിഫ് ഉയർത്തിയത് ഒരിക്കൽ തള്ളിയ പരാതി' ദേശീയപാത ടാറിങ് പരാതിയില്‍ ആരിഫിന് പി.ഡബ്ല്യു.ഡിയുടെ കൊട്ട്
|പരാതി കഴിഞ്ഞ വർഷം തന്നെ അന്വേഷിച്ച് തള്ളിയതെന്ന് തെളിയിക്കുന്നപൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്.
ദേശീയപാതാ നിർമാണത്തിൽ ക്രമക്കേടെന്ന് എ.എം ആരിഫ് എം.പി ഉന്നയിച്ച ആരോപണത്തിൽ വഴിത്തിരിവ്. പരാതി കഴിഞ്ഞ വർഷം തന്നെ അന്വേഷിച്ച് തള്ളിയതെന്ന് തെളിയിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. അപാകതകൾക്ക് കാരണം മതിയായ ഫണ്ടില്ലാത്തത് ആണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2019ൽ ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച റോഡ്, ഗ്യാരന്റി കാലാവധി കഴിയുന്നതിന് മുന്നേ തകർന്നു എന്നായിരുന്നു ആരിഫിന്റെ പരാതി. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രി ആയിരിക്കെയുള്ള നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണവും എം.പി ആവശ്യപ്പെട്ടു. എന്നാൽ ഒരു വർഷം മുമ്പ് അന്വേഷിച്ച് തള്ളിയ പരാതി ആരിഫ് വീണ്ടും ഉയർത്തിയതാണ് എന്നാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ ഉള്ളത്. ഒരുവർഷം മുമ്പ് പരാതി നൽകിയപ്പോൾ പൊതുമരാമത്ത് വിജിലൻസ് ക്വാളിറ്റി വിഭാഗം പരിശോധിച്ചിരുന്നു. പരിശോധനയിൽ തൃപ്തികരമെന്ന് കണ്ട് റിപ്പോർട്ട് നൽകിയതാണ്.
ഒരിക്കൽ അന്വേഷിച്ച് തള്ളിയ പരാതി വീണ്ടും ഉയർത്തിയതിന് പിന്നിൽ ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയതയെന്നാണ് സൂചന. അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ ശക്തമായ നിലപാട് എ.എം ആരിഫ് എടുത്തിരുന്നു. വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദം ഈ കത്തിന് പിന്നാലെയുണ്ടാകുമെന്ന് ഉറപ്പാണ്.
അതേസമയം റോഡ് നിർമാണത്തിലെ അപാകതക്ക് കാരണം കേന്ദ്രം മതിയായ ഫണ്ട് നൽകാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. മഴക്കാലത്ത് റോഡ് തകരാതിരാക്കാൻ പ്രത്യേക സംവിധാനം വേണമായിരുന്നു. ഇതിനുള്ള ഫണ്ട് കേന്ദ്രം നൽകിയില്ല. ഫണ്ട് ഇല്ലാത്തതിനാൽ ടാറിംഗ് ഉൽപ്പന്നങ്ങൾ കുറച്ച് ഉപയോഗിച്ചതും പ്രശ്നങ്ങൾക്ക് കാരണമായെന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ട്.