'ആലപ്പുഴയിൽ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ചത് ശ്രദ്ധയില്ലായ്മ': കരാറുകാരനെ ന്യായീകരിച്ച് പി.ഡബ്ല്യൂ.ഡി
|അപകടത്തിന് ശേഷമാണ് റോഡ് അടച്ച് കുറുകെ ടേപ്പ് വെച്ചതെന്നാണ് നാട്ടുകാർ അറിയിക്കുന്നത്
ആലപ്പുഴ: ആലപ്പുഴയിൽ കുഴിയിൽ വീണ് സൈക്കിൾ യാത്രികൻ മരിച്ചതിൽ കരാറുകാരനെ ന്യായീകരിച്ച് PWD എഞ്ചിനീയർ. നിർമാണം നടക്കുന്നിടത്ത് ഇരുവശവും അപായ ബോർഡും റോഡിന് കുറുകെ ടേപ്പും വെച്ചിരുന്നുവെന്നും സൈക്കിൾ യാത്രികൻ സൈക്കിൾ യാത്രികൻ ഇത് വകവെക്കാതെ മുന്നോട്ട് പോകുകയായിരുന്നുവെന്നും പി.ഡബ്ല്യൂ.ഡി എഞ്ചിനീയർ ഷാഹി സത്താർ റിപ്പോർട്ട് നൽകി. എന്നാൽ അപകടത്തിന് ശേഷമാണ് റോഡ് അടച്ച് കുറുകെ ടേപ്പ് വെച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. ഒമ്പതേകാലോടെ തന്നെ അപായ ബോർഡുകൾ സ്ഥാപിച്ചിരുന്നുവെന്നാണ് സത്താറിന്റെ റിപ്പോർട്ട്. ഇതിന്റെ ചിത്രം കൃത്യമായി ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അപകടമരണം എന്ന നിലയ്ക്കാണ് ഇപ്പോൾ കേസന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.