Kerala
പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ ഇനി പീപ്പിൾസ് റസ്റ്റ്ഹൗസുകൾ
Kerala

പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ ഇനി പീപ്പിൾസ് റസ്റ്റ്ഹൗസുകൾ

Web Desk
|
26 Oct 2021 3:39 PM GMT

നവംബർ ഒന്ന് മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാം...

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവംബർ ഒന്ന് മുതൽ പൊതുജനങ്ങൾക്ക് ഓൺലൈനായി മുറികൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച ചോദ്യത്തിന് നിയമസഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി ഉത്തരം നൽകിയിരുന്നു. ഉദ്യോഗസ്ഥർക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് പൊതുജനങ്ങക്ക് സൗകര്യം നൽകുക.

റസ്റ്റ് ഹൗസ് ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷൻ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ്. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെടിഡിസി മാനേജിംഗ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. -മന്ത്രി അറിയിച്ചു.

റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പു വരുത്തും. ദീർഘ ദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ്‌ലറ്റ് ഉൾപ്പെടെയുളള കംഫർട്ട് സ്റ്റേഷൻ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തി ജനകീയമാക്കും. സിസിടിവി സംവിധാനം ഏർപ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും -മന്ത്രി വ്യക്തമാക്കി.

Similar Posts