Kerala
വിഴിഞ്ഞം: ക്വാറി പ്രവര്‍ത്തനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ഹൈക്കോടതി
Kerala

വിഴിഞ്ഞം: ക്വാറി പ്രവര്‍ത്തനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ഹൈക്കോടതി

Web Desk
|
17 Aug 2022 10:58 AM GMT

ലൈസൻസിലെ നിബന്ധനകൾ കണിശമായി പാലിച്ചു മാത്രമേ ക്വാറി പ്രവർത്തനങ്ങൾ നടത്താനാകൂവെന്നും കോടതി ഉത്തരവിട്ടു.

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടിയുള്ള ക്വാറിയുടെ പ്രവര്‍ത്തനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാവണ‌മെന്ന് ഹൈക്കോടതി. ക്വാറി പ്രവർത്തനങ്ങൾ നടത്തുന്നതിന് ജനങ്ങൾ തടസം നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് നല്‍കിയ പൊലീസ് സംരക്ഷണ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവറാമിന്‍റെ ഉത്തരവ്.

പദ്ധതിക്കാവശ്യമായ ഖനനം നടത്തുകയും കല്ലുകള്‍ ലോറികളില്‍ കൊണ്ടുപോവുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ തടസം നില്‍ക്കുന്നതായും പദ്ധതി സുഗമമായി നടക്കാന്‍ പൊലീസ് സംരക്ഷണം വേണമെന്നുമാണ് അദാനി ഗ്രൂപ്പ് ഹരജിയില്‍ ആവശ്യപ്പെട്ടത്.

പദ്ധതി നടത്തിപ്പിന് പൊലീസ് സംരക്ഷണം നല്‍കാമെന്ന് വ്യക്തമാക്കിയ കോടതി, എന്നാൽ പൊതുജനങ്ങളുടെ യാത്ര തടസപ്പെടുന്ന തരത്തിലോ ജനങ്ങൾക്ക് അപകടമോ മറ്റ് ശല്യങ്ങളോ ഉണ്ടാകുന്ന രീതിയിലോ ക്വാറി പ്രവർത്തനം പാടില്ലെന്ന് നിര്‍ദേശിച്ചു. ലൈസൻസിലെ നിബന്ധനകൾ കണിശമായി പാലിച്ചുമാത്രമേ ക്വാറി പ്രവർത്തനങ്ങൾ നടത്താനാകൂവെന്നും കോടതി ഉത്തരവിട്ടു.

കല്ലുകള്‍ കൊണ്ടുപോകുന്ന വലിയ വാഹനങ്ങള്‍ റോഡുകള്‍ കൈയേറിയതിനാല്‍ നാട്ടുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായും ജീവിക്കാനാവാത്ത അവസ്ഥയാണെന്നും എതിര്‍കക്ഷികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ക്വാറി പ്രവര്‍ത്തനം പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.

Similar Posts