Kerala
റമ്മി എന്താണെന്ന് പോലുമറിയില്ല; അനുവാദമില്ലാതെ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ തന്‍റെ ചിത്രം ഉപയോഗിച്ചതായി ക്വിയര്‍ ആക്റ്റിവിസ്റ്റ്
Kerala

'റമ്മി എന്താണെന്ന് പോലുമറിയില്ല'; അനുവാദമില്ലാതെ ഓണ്‍ലൈന്‍ റമ്മി പരസ്യത്തില്‍ തന്‍റെ ചിത്രം ഉപയോഗിച്ചതായി ക്വിയര്‍ ആക്റ്റിവിസ്റ്റ്

Web Desk
|
9 Aug 2022 2:23 PM GMT

വിവിധ ജില്ലകളിൽ നിന്ന് നിരവധി പേർ റമ്മിയിലൂടെ പണം നേടുന്നു എന്നവകാശപ്പെടുന്ന പരസ്യത്തിലാണ് ഉനൈസിന്‍റെ ചിത്രം ഉപയോഗിച്ചത്.

ഓൺലൈൻ റമ്മി പരസ്യത്തിൽ അനുവാദമില്ലാതെ തന്‍റെ ചിത്രം ഉപയോഗിക്കുന്നുവെന്ന പരാതിയുമായി ക്വിയർ ആക്ടിവിസ്റ്റ് മുഹമ്മദ് ഉനൈസ്. വിവിധ ജില്ലകളിൽ നിന്ന് നിരവധി പേർ റമ്മിയിലൂടെ പണം നേടുന്നു എന്നവകാശപ്പെടുന്ന പരസ്യത്തിലാണ് ഉനൈസിന്‍റെ ചിത്രം ഉപയോഗിച്ചത്. 'ജംഗളി റമ്മി' എന്ന ഗെയിമിങ് കമ്പനിയാണ് തന്‍റെ അനുവാദമില്ലാതെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചതെന്ന് ഉനൈസ് പറഞ്ഞു. റമ്മി കളിക്കുക എന്നത് പോയിട്ട് അതെന്താണെന്ന് പോലും തനിക്ക് അറിയില്ലെന്നും പരസ്യത്തിൽ അഭിനയിക്കാൻ തന്‍റെ അനുവാദം ചോദിച്ചാലും സമ്മതിക്കില്ലെന്നും ഉനൈസ് കൂട്ടിച്ചേർത്തു.

"എന്‍റെ ചിത്രം ഉപയോഗിച്ച പരസ്യ ചിത്രത്തിന്‍റെ സ്‌ക്രീൻ ഷോട്ടുകൾ ചില സുഹൃത്തുക്കൾ അയച്ചു തരുമ്പോഴാണ് ഞാൻ ഇക്കാര്യം അറിയുന്നത്. റമ്മി കളിക്കുന്നത് പോയിട്ട് അതെന്താണ് എന്ന് പോലും എനിക്കറിയില്ല. എന്‍റെ അനുവാദം ചോദിക്കാതെയാണ് പരസ്യത്തിൽ എന്‍റെ ചിത്രം നൽകിയത്. ഓൺലൈൻ റമ്മിയുടെ ചതിക്കുഴികളെ കുറിച്ചും അത് മൂലം പണം നഷ്ടപ്പെട്ടവരെ കുറിച്ചുമൊക്കെ വായിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ചതിക്കുഴിയിൽ ചെന്ന് ചാടരുത് എന്നേ ഞാൻ പറയൂ"- ഉനൈസ് മീഡിയ വണിനോട് പറഞ്ഞു. സംഭവത്തിൽ നിയമോപദേശം തേടി പരാതി നൽകുമെന്നും ഉനൈസ് കൂട്ടിച്ചേർത്തു.

ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്ന സിനിമാ താരങ്ങൾക്കെതിരെ പോലും അടുത്തിടേയായി സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിനെത്തുടർന്ന് വിഷയം നിയമസഭയിലും എത്തിയിരുന്നു.

വിജയ് യേശുദാസും റിമി ടോമിയുമടക്കമുള്ള സിനിമാ താരങ്ങള്‍ ഓൺലൈൻ റമ്മി പരസ്യങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എയാണ് നിയമസഭയില്‍ ആവശ്യപ്പെട്ടത്. ഓൺലൈൻ റമ്മി പരസ്യങ്ങളിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ഇത്തരം സാമൂഹ്യദ്രോഹ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണ്. ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല. വിരാട് കോഹ്ലി നല്ലൊരു സ്പോര്‍ട്സ് താരമാണ്. എല്ലാവര്‍ക്കും ബഹുമാനമുണ്ട് അദ്ദേഹത്തെ. അദ്ദേഹം അഞ്ചുപൈസയില്ലാത്ത ഭിക്ഷക്കാരനല്ല. നമ്മുടെ പ്രിയങ്കരനായ ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ മകന്‍ വിജയ് യേശുദാസിനേയും ഗായിക റിമി ടോമിയേയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളിൽ കാണുന്നുണ്ട്.. ഇതില്‍ നിന്ന് ഈ മാന്യന്മാര്‍ പിന്മാറാന്‍ സാംസ്കാരിക മന്ത്രിയും സര്‍ക്കാരും ഇടപെടണം"- ഗണേഷ് കുമാര്‍ പറഞ്ഞു.

Related Tags :
Similar Posts