'ഹാരിസിന്റെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തു'; മകന്റേത് കൊലപാതകമെന്ന് കുടുംബം- ഷൈബിനെതിരെ ആരോപണം
|ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഹാരിസിനെ ഷൈബിൻ അഷ്റഫ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാതാവ് പറഞ്ഞു
കോഴിക്കോട്: കുന്ദംമംഗലം സ്വദേശിയായ പ്രവാസി ഹാരിസിന്റേത് കൊലപാതകമെന്ന് കുടുംബം. ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ പ്രതി ഷൈബിൻ അഷ്‌റഫിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. ഹാരിസിന്റെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാതാവ് സാറാബി മീഡിയവണിനോട് പറഞ്ഞു. ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ഷൈബിനെ പേടിച്ചാണ് പരാതി നൽകാതിരുന്നതെന്നും സാറാബി വ്യക്തമാക്കി.
2020 മാർച്ചിലാണ് ഹാരിസിനെ അബുദാബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഒരു യുവതിയും മരിച്ചിരുന്നു. ഇരുവരുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ ഷൈബിൻ അഷ്‌റഫിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ വെളിപ്പെടുത്തൽ. ഷൈബിൻ അഷ്‌റഫാണ് മകൻ ഹാരിസിന്റെ കൊലപാതകത്തിനു പിന്നിലെന്ന് മാതാവ് ആരോപിച്ചു. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഹാരിസിനെ ഷൈബിൻ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാതാവ് പറഞ്ഞു. ഹാരിസിനെ രണ്ടു മൂന്നു തവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഇതിനു ശേഷമാണ് ഹാരിസ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.
മകനോടൊപ്പം അബുദാബിയിലായിരിക്കെ ഹാരിസിന്റെ ഭാര്യയും ഷൈബിനും തമ്മിൽ പലവട്ടം ഫോണിൽ സംസാരിച്ചിരുന്നത് താൻ കേട്ടിരുന്നെന്നും സാറാബി പറഞ്ഞു. എന്നാൽ അന്നൊന്നും ഇതിനെക്കുറിച്ചു പറയാൻ തനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഷൈബിനെ ഭയമായിരുന്നു. ഷൈബിൻ അറസ്റ്റിലായത് കൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പറഞ്ഞതെന്നും സാറാബി വ്യക്തമാക്കി. ഇനി ഏതറ്റം വരെ പോകാനും തയ്യാറാണ്. കേസുമായി ബന്ധപ്പെട്ട് മകന്റെ പോസ്റ്റുമോർട്ടം വീണ്ടും നടത്തുകയാണെങ്കിൽ അതിനും സഹകരിക്കും. കേസിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.