ട്രെയിൻ തീവെപ്പ് കേസ്: ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും
|ആക്രണത്തിന്റെ ലക്ഷ്യമെന്ത്? കൃത്യത്തിന് പിന്നിൽ വേറെ ആരൊക്കെയുണ്ട് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. മെഡിക്കൽ കോളജിലെത്തിച്ച് പ്രതിയുടെ ആരോഗ്യനില വിശദമായി പരിശോധിക്കും. ആക്രമണമുണ്ടായ എലത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ന് തെളിവെടുപ്പിന് സാധ്യതയുണ്ട്.
മാലൂർകുന്നിലെ പൊലീസ് കാമ്പിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഷാരൂഖ് സെയ്ഫിയെ ചോദ്യംചെയ്തുവരികയാണ്. എന്നാൽ ആക്രണത്തിന്റെ ലക്ഷ്യമെന്ത്? കൃത്യത്തിന് പിന്നിൽ വേറെ ആരൊക്കെയുണ്ട് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. തീവെപ്പിന് പിന്നിൽ മറ്റാരുമില്ലെന്ന് ആവർത്തിക്കുകയാണ് ഷാരൂഖ് സെയ്ഫി. ഇന്നും വിശദമായ ചോദ്യംചെയ്യൽ തുടരും. രാവിലെ ഷാരൂഖ് സെയ്ഫിയെ മെഡിക്കൽ കോളജിലെത്തിച്ച് ആരോഗ്യപരിശോധനയ്ക്ക് വിധേയനാക്കും. കരളിന്റെ പ്രവർത്തനമുൾപ്പെടെ വിശദമായി പരിശോധിക്കും. തുടർന്ന് ആക്രമണം നടന്ന എലത്തൂർ, ട്രെയിൻബോഗികളുള്ള കണ്ണൂർ എന്നിവടങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പിലും തെളിവെടുക്കേണ്ടതുണ്ട്. വിശദമായ ചോദ്യംചെയ്യലിൽ ദുരൂഹതകളുടെ ചുരളഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കോഴിക്കോട് സി.ജെ.എം കോടതി 11 ദിവസത്തേക്കാണ് ഷാരൂഖ് സെയ്ഫിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.