Kerala
plus one questiaon paper, v shivankutty
Kerala

സ്‌കൂൾ പരീക്ഷയിൽ ചോദ്യങ്ങൾ ചുവപ്പിൽ; കറുപ്പ് മതിയെന്ന് വിദ്യാർഥികൾ, ചുവപ്പിനെന്താണ് കുഴപ്പമെന്ന് മന്ത്രി വി. ശിവൻകുട്ടി

Web Desk
|
10 March 2023 10:37 AM GMT

ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരീക്ഷണം

തിരുവനന്തപുരം: ഇത്തവണത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ കുറച്ച് വ്യത്യസ്തമാണ്. എന്നാൽ ഈ വ്യത്യസ്തത കുട്ടികളില്‍ ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ 9.30നാണ് പരീക്ഷാഹാളിൽ ചോദ്യപേപ്പർ എത്തിയത്. പതിവുപോലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കെട്ട് പൊട്ടിച്ചു. ചോദ്യം കണ്ടപ്പോഴേ അധ്യാപകർ ഞെട്ടി. തിരിച്ചും മറിച്ചും കണ്ണ് തിരുമ്മിയുമൊക്കെ നോക്കി. അക്ഷരങ്ങൾ അച്ചടിച്ചിരിക്കുന്നത് കറുപ്പിലല്ല, പകരം ചുവപ്പ് മഷിയിൽ.

അധ്യാപകർ പരസ്പരം സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷം ചോദ്യപേപ്പർ കുട്ടികള്‍ക്ക് വിതരണം ചെയ്തു. കുട്ടികളിലും ഈ ഞെട്ടല്‍ ആവർത്തിച്ചു. ഒന്നാം വർഷ വിദ്യാർഥികളുടെ പരീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പരീക്ഷണം. വെള്ള പേപ്പറിൽ ചുവന്ന നിറത്തിൽ ചോദ്യങ്ങൾ പ്രിന്റ് ചെയ്തിരിക്കുന്നു. വെറൈറ്റി ആണെങ്കിലും നിറംമാറ്റം കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കുട്ടികൾ പറയുന്നത്.

എന്നാൽ ഇക്കാര്യം മന്ത്രിയോട് ചോദിച്ചപ്പോൾ കാര്യമായ മറുപടി ഒന്നും ലഭിച്ചില്ല. പകരം ചുവപ്പിനെന്താണ് കുഴപ്പമെന്നും അതൊരു പ്രശ്നമായിട്ട് എടുക്കേണ്ട എന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഴയപോലെ കറുപ്പ് മഷിയിൽ തന്നെയാണ് ചോദ്യപേപ്പർ അച്ചടിച്ചിരിക്കുന്നത്. വി.എച്ച്.എസ്.ഇ കുട്ടികൾക്കും മാറ്റമില്ല. ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പിലാക്കി ഹയർ സെക്കന്‍ഡറി മേഖല കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്ന് അധ്യാപക സംഘടനയായ എ.എച്ച്.എസ്.ടി.എ ആരോപിച്ചു.

Similar Posts