സി.പി.എമിന് തലവേദനയായി കണ്ണൂരിലെ ക്വട്ടേഷന്‍ - സൈബര്‍ സംഘങ്ങള്‍
|പാര്‍ട്ടിക്ക് മുകളിലേക്ക് വളരുന്ന ഇത്തരം സംഘങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനും പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂരിലെ ക്വട്ടേഷന്‍ - സൈബര്‍ സംഘങ്ങള്‍ സി.പി.എമിന് തലവേദനയാകുന്നു. രാമനാട്ടുകര സംഭവത്തില്‍ അന്വേക്ഷണം സൈബര്‍ സംഘത്തിലേക്ക് തിരിഞ്ഞതോടെ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയവരെ ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞത്. ഇവരെ പാർട്ടി വേദികളിൽ നിന്നും അകറ്റി നിർത്താനും സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
സി.പി.എമ്മിന് വേണ്ടി അടിപിടി മുതല്‍ കൊലപാതകം വരെ നടത്തിയവര്‍, അണികളുടെ ആരാധനാ പാത്രങ്ങളായി മാറിയ ഇവരില്‍ പലരും പിന്നീട് വന്‍ ക്വട്ടേഷന്‍ സംഘങ്ങളായി വളര്‍ന്നു. ടി.പി കേസിലെ പ്രതികളാണ് ഇതിന് മികച്ച ഉദാഹരണം. ജയിലിനുളളിലിരുന്ന് ഇവര്‍ സ്വര്‍ണ കള്ളക്കടത്തും കുഴല്‍പ്പണ ഇടപാടും നിയന്ത്രിക്കുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് പല വട്ടം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികളെ വിവിധ ജയിലുകളിലേക്ക് മാറ്റിയെങ്കിലും ക്വട്ടേഷന്‍ പണി നിര്‍ബാധം തുടര്‍ന്നു. ഈ വഴി തന്നെയാണ് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും പിന്തുടരുന്നതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ച വിവരം. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ പതാക വാഹകരായി പ്രത്യക്ഷപ്പെട്ടാണ് പുതിയ ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം. ഈ തിരിച്ചറിവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ജില്ലാ സെക്രട്ടറിയേക്കാള്‍ ഫോളോവേഴ്സുളള ആകാശിനെ പരസ്യമായി തളളിപ്പറയാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ച ഘടകവും.
രാമനാട്ടുകര കുഴല്‍പ്പണ കേസില്‍ ആകാശും അര്‍ജുനും അടക്കമുളളവര്‍ ഉള്‍പ്പെട്ടതായി പാര്‍ട്ടിക്കും സര്‍ക്കാരിനും വിവരം ലഭിച്ചിട്ടുണ്ട്. പിടിവീഴും മുന്‍പ് ഇവരെ തളളിപ്പറയാനും പാര്‍ട്ടി വേദികളില്‍ നിന്ന് അകറ്റി നിര്‍ത്താനും സംസ്ഥാന നേതൃത്വം ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. മാത്രവുമല്ല, പാര്‍ട്ടിക്ക് മുകളിലേക്ക് വളരുന്ന ഇത്തരം സംഘങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനും നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.