ശ്രീലേഖ പറഞ്ഞത് തെറ്റ്: ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ഫോട്ടോ വ്യാജമല്ലെന്ന് ഫോട്ടോഗ്രാഫര്‍
|കേസില്‍ ദിലീപ് നിരപരാധിയാണെന്നും പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പാണെന്നുമായിരുന്നു മുന്‍ ജയില്‍ ഡി.ജി.പി കൂടിയായിരുന്ന ആര്‍. ശ്രീലേഖ പറഞ്ഞിരുന്നത്.
കൊച്ചി: ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ വ്യാജമാണെന്ന മുന്‍ ഡി.ജി.പി ശ്രീലേഖയുടെ വാദം തള്ളി ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ ബിദില്‍. ചിത്രം വ്യാജമല്ലെന്നും ഇതില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്നും ബിദില്‍ മീഡിയവണ്ണിനോട് പറഞ്ഞു.
ഒറിജിനല്‍ ചിത്രം കോടതിയില്‍ നല്‍കിയിട്ടുണ്ട്. ദിലീപിനൊപ്പമുള്ള സെല്‍ഫിയാണ് അന്ന് എടുത്തത്. കൂടെ ജോലി ചെയ്തിരുന്ന പലരും അന്ന് സെല്‍ഫിയെടുത്തിരുന്നെന്നും ബിദില്‍ വെളിപ്പെടുത്തി. തൃശൂര്‍ പുഴക്കല്‍ ടെന്നീസ് ക്ലബില്‍ വെച്ചായിരുന്നു ഫോട്ടോയെടുത്തതെന്നും ബിദില്‍ മീഡിയവണ്ണിനോട് പറഞ്ഞു.
കേസില്‍ ദിലീപ് നിരപരാധിയാണെന്നും പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പാണെന്നുമായിരുന്നു മുന്‍ ജയില്‍ ഡി.ജി.പി കൂടിയായിരുന്ന ആര്‍. ശ്രീലേഖ പറഞ്ഞിരുന്നത്.
ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പാണെന്നും ഒരു ഉദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്.
'ദിലീപിനെതിരായ തെളിവായി എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രമാണ്. ദിലീപും വേറൊരാളും നില്‍ക്കുമ്പോള്‍ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം. അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പോലീസുകാരന്‍ തന്നെ കാണിച്ചത്. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാന്‍ വെറുതേ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, ''ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണെന്ന്'' ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വളരെ ഷോക്കായിരുന്നു,' എന്നാണ് വീഡിയോയില്‍ ശ്രീലേഖ പറയുന്നത്.
കേസില്‍ ദിലീപ് നിരപരാധിയാണെന്നും ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ പറയുന്നുണ്ട്. സാക്ഷികള്‍ കൂറുമാറാന്‍ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പള്‍സര്‍ സുനി മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു. ജയിലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചതും പൊലീസുകാരാണ്. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ഒരേ ടവര്‍ ലൊക്കേഷന്‍ എന്നതും തെളിവായി കാണാന്‍ ആകില്ല. ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണ്. പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നു.
താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവും ഇല്ലാതിരിക്കെ ആണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നു വന്നതെന്നും ശ്രീലേഖ പറഞ്ഞു.
അതേസമയം ശ്രീലേഖ പറയുന്നത് പച്ചക്കള്ളമാണെന്ന് പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ ജിന്‍സന്‍ പറഞ്ഞു. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പള്‍സര്‍ സുനിയുടെ അമ്മ ശോഭനയും പ്രതികരിച്ചു.. സുനിയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ശോഭനയുടെ പ്രതികരണം.
ശ്രീലേഖയുടെ വീഡിയോയ്ക്ക് പിന്നാലെ പ്രതിഷേധവുമായി വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കേസില്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ പ്രോസിക്യൂഷനും രംഗത്ത് എത്തി. ഇവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹരജി നല്‍കും. മുന്‍ ഡി.ജി.പിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.