Kerala
r sreelekha ips
Kerala

'എന്‍റെ ഭര്‍ത്താവിനെ കൊല്ലാന്‍ ആര്‍എസ്എസ് ഗുണ്ടകള്‍ പദ്ധതിയിട്ടിരുന്നു, ബിജെപി ബന്ധം അറിഞ്ഞതോടെ പിന്‍മാറി'; ആര്‍.ശ്രീലേഖ രണ്ട് വര്‍ഷം മുന്‍പ് പറഞ്ഞത്

Web Desk
|
12 Oct 2024 8:13 AM GMT

ബസില്‍ കയറി ആളെ അന്വേഷിച്ചപ്പോള്‍ ശ്രീലേഖ എന്ന എസ്പിയുടെ ഭര്‍ത്താവിന് എന്തോ ബിജെപി ബന്ധമുണ്ടെന്ന് അവര്‍ക്ക് മനസിലായി

തിരുവനന്തപുരം: മുന്‍ ഡിജിപിയും കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍.ശ്രീലേഖ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് അംഗത്വം നല്‍കിയത്. പാര്‍ട്ടിയുടെ ആദര്‍ശങ്ങളില്‍ വിശ്വാസമുള്ളതുകൊണ്ട് കൂടെ നില്‍ക്കുന്നുവെന്നാണ് അംഗ്വത്വം സ്വീകരിച്ച ശേഷം ശ്രീലേഖ പറഞ്ഞത്. എന്നാല്‍ ഇതിനിടെ ശ്രീലേഖ രണ്ടു വര്‍ഷം മുന്‍പ് ആര്‍എസ്എസിനെതിരെ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. തന്‍റെ ഭര്‍ത്താവിനെ വധിക്കാന്‍ ആര്‍എസ്എസിന്‍റെ ഗുണ്ടാ സംഘം പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍.

ഭര്‍ത്താവിന്‍റെ ബിജെപി ബന്ധം അറിഞ്ഞതോടെയാണ് സംഘം ക്വട്ടേഷനില്‍ നിന്ന് പിന്‍മാറിയതെന്നുമാണ് ശ്രീലേഖ പറഞ്ഞത്. 'സസ്നേഹം ശ്രീലേഖ' എന്ന യു ട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

''ഒരിക്കല്‍ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ആരോ ക്വട്ടേഷന്‍ കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥരാണോ അബ്കാരി മുതലാളിമാരാണോ അതോ വേറെ ആരെങ്കിലുമാണോ എന്ന് അറിയില്ല. ആര്‍എസ്എസിന്‍റെ ഗുണ്ടകളായിട്ടുള്ള കുറച്ച് ആള്‍ക്കാര്‍ നാല് ലക്ഷം രൂപയും കൈപ്പറ്റി. ബസില്‍ കയറി കൊല്ലാനായിരുന്നു പദ്ധതി. അന്ന് ഭര്‍ത്താവ് എന്നും ബസില്‍ കയറിയാണ് പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോകാറ്. തിരിച്ചും യാത്ര ബസില്‍ തന്നെ.

ബസില്‍ കയറി ആളെ അന്വേഷിച്ചപ്പോള്‍ ശ്രീലേഖ എന്ന എസ്പിയുടെ ഭര്‍ത്താവിന് എന്തോ ബിജെപി ബന്ധമുണ്ടെന്ന് അവര്‍ക്ക് മനസിലായി. അവര്‍ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പലരും ബിജെപി അംഗങ്ങളാണെന്നും അദ്ദേഹത്തിന് ബിജെപി അനുഭാവമുണ്ടെന്നും മനസിലാക്കി. ക്വട്ടേഷന്‍ വിവരം അവര്‍ തന്നെയാണ് എന്നോട് പറഞ്ഞത്. ക്വട്ടേഷന്‍ ഉണ്ടായിരുന്നു. സൂക്ഷിച്ച് പോകണമെന്ന് സാറിനോട് പറയണമെന്നാണ് അവര്‍ അറിയിച്ചത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് മനസ്സിലായാല്‍ അവര്‍ വേറെ ആര്‍ക്കെങ്കിലും ക്വട്ടേഷന്‍ കൊടുക്കുമെന്നും അവര്‍ പറഞ്ഞിരുന്നു''- ആര്‍ ശ്രീലേഖ വിശദീകരിച്ചു.

1997ലെ വ്യാജചാരായ വേട്ടയ്ക്ക് പിന്നാലെയായിരുന്നു സംഭവമെന്ന് ശ്രീലേഖ പറയുന്നു. പൊലീസ് അടക്കമുള്ള നിരവധി ഉദ്യോഗസ്ഥര്‍ അതിന്‍റെ പിറകിലുള്ള മദ്യരാജാവില്‍ നിന്നും മാസപ്പടി കൈപ്പറ്റുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ താന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തന്‍റെ കീഴിലുള്ള 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ശിപാര്‍ശ ചെയ്തിരുന്നു. പിന്നാലെ സര്‍വീസ് റിവോള്‍വറുമായി വന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ചുട്ടുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.

തന്‍റെ വീട്ടില്‍ കഞ്ചാവ് കെട്ടുകണക്കിന് സൂക്ഷിച്ചിട്ടുണ്ടെന്ന് പരാതി കിട്ടിയെന്ന് ഒരിക്കല്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് പറഞ്ഞെന്നും ശ്രീലേഖ വെളിപ്പെടുത്തി. വീട് റെയ്ഡ് ചെയ്യണമെന്നാണ് പരാതി ലഭിച്ചത്. സൂക്ഷിക്കമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെയും കുടുക്കാന്‍ ശ്രമമോ എന്ന് പേടിയായെന്നും ശ്രീലേഖ പറഞ്ഞു. എന്‍ഫോഴ്സ്മെന്‍റില്‍ ഒരുകാര്യത്തിന് വിളിച്ചപ്പോള്‍ മാഡത്തിന്‍റെ വീട്ടില്‍ സ്വര്‍ണക്കട്ടികള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന പരാതി കിട്ടിയെന്നു പറഞ്ഞു. വളരെയധികം പേടിച്ച് ലോഡഡ് റിവോള്‍വര്‍ കയ്യില്‍ വെച്ചാണ് അക്കാലത്ത് ഉറങ്ങിയിരുന്നതെന്നും ശ്രീലേഖ പറഞ്ഞു.


Related Tags :
Similar Posts