കണ്ണൂരിൽ പശുവിന് പേവിഷ ബാധ; ദയാവധം നടത്തും
|ഇന്നലെയാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്.
കണ്ണൂർ ചിറ്റാരിപറമ്പിൽ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഇരട്ടക്കുളങ്ങര ഞാലിൽ സ്വദേശിനി പി.കെ അനിതയുടെ പശുവിനാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
ഇന്നലെയാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്.വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയും വരികയും ഇന്ന് അക്രമകാരിയാവുകയും ചെയ്തിരുന്നു.
ഇതോടെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ നിർദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചിറ്റാരിപ്പറമ്പ് മൃഗാശുപത്രിയിൽ നിന്നും വെറ്ററിനറി ഡോക്ടർ ആൽവിൻ വ്യാസും എത്തി പേവിഷ ബാധ സ്ഥിരീകരിച്ചു.
പശുവിന് പേവിഷ ബാധ സ്ഥിരീകരിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയും അറിയിച്ചു. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പശുവിനെ ദയാവധം നടത്തും.
അതേസമയം, ഇന്നലെ പശുവിന് മരുന്ന് നൽകിയ മൂന്ന് പേർ കൂത്തുപറമ്പ് ബ്ലോക്ക് തൊടീക്കളം ഫാമിലി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. പശുവിന്റെ അഞ്ച് മാസം പ്രായമായ കിടാവിന് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി മാറ്റിനിർത്തിയിരിക്കുകയാണ്.