Kerala
ബി.ജെ.പിയുടെ നാട്ടിൽ വന്ന് വിലസുന്നോ.. മേത്തച്ചീ.. കാക്കച്ചീ..; ആലുവ റെയിൽവേ സ്റ്റേഷനിൽ ജമാഅത്ത് വനിതാ നേതാവിനുനേരെ വംശീയാധിക്ഷേപം
Kerala

'ബി.ജെ.പിയുടെ നാട്ടിൽ വന്ന് വിലസുന്നോ.. മേത്തച്ചീ.. കാക്കച്ചീ..''; ആലുവ റെയിൽവേ സ്റ്റേഷനിൽ ജമാഅത്ത് വനിതാ നേതാവിനുനേരെ വംശീയാധിക്ഷേപം

Web Desk
|
7 May 2022 3:22 PM GMT

''ധരിച്ച വസ്ത്രത്തിലൂടെ തിരിച്ചറിഞ്ഞ എന്റെ ഐഡന്റിറ്റിയാണ് പ്രകോപിപ്പിച്ചതെന്ന് ബോധ്യപ്പെട്ടപ്പോൾ മൈൻഡാക്കാതെ നടന്നുപോയി. തിരിഞ്ഞുനോക്കുമ്പോൾ അയാൾ കാക്കയുടെ ശബ്ദമുണ്ടാക്കി എന്നെ ചീത്തവിളിക്കുകയാണ്.''

കൊച്ചി: റെയിൽവേ സ്റ്റേഷനിൽ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം നേതാവിനുനേരെ വംശീയാധിക്ഷേപം. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി. റുക്‌സാനയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ഇന്ന് ആലുവയിൽ ജി.ഐ.ഒ കേരളയുടെ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ആലുവ റെയിൽവേ സ്റ്റേഷനിൽവച്ചായിരുന്നു സംഭവം. സ്റ്റേഷനിൽ കിടന്നിരുന്ന ഒരാൾ നോക്കി ചീത്തവിളിക്കുകയും ലൈംഗികവും വംശീയവുമായി അധിക്ഷേപം നടത്തുകയും ചെയ്തു. മേത്തച്ചീ, കാക്കച്ചീ എന്നെല്ലാം വിളിച്ചായിരുന്നു അധിക്ഷേപം. ബി.ജെ.പിയുടെ നാട്ടിൽവന്ന് വിലസുകയാണോ എന്ന് ആക്രോശിച്ചതായും റുക്‌സാന വെളിപ്പെടുത്തുന്നു. സംഭവത്തിന്‍റെ വിഡിയോയും അവര്‍ പങ്കുവച്ചിട്ടുണ്ട്.

പി. റുക്‌സാനയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് ആലുവയിൽ Gio Keralaയുടെ പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുവരുന്ന വഴി. ട്രെയിൻ കിട്ടില്ലേ എന്ന ബേജാറിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ്. പെട്ടെന്നാണ് ഒരാക്രോശം കേട്ടത്. അവിടെയുള്ള സീറ്റിൽ കിടക്കുകയായിരുന്ന ഒരാൾ എന്നെ നോക്കി ചീത്തവിളിക്കുന്നു. വെള്ളത്തിലാണ് കക്ഷി. മേത്തച്ചീ.. കാക്കച്ചീ.. @@##?## പിന്നെ ഒരു പച്ചത്തെറിയും. ബി.ജെ.പിയുടെ നാട്ടിൽ വന്ന് വിലസുന്നോ.. മേത്തച്ചീ.. കാക്കച്ചീ..

ഞാൻ ആദ്യമൊന്ന് പകച്ചുപോയി. ധരിച്ച വസ്ത്രത്തിലൂടെ തിരിച്ചറിഞ്ഞ എന്റെ identityയാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പെട്ടെന്നുതന്നെ ബോധ്യപ്പെട്ടപ്പോൾ പിന്നെ മൈൻഡാക്കാതെ മുന്നോട്ടുനടന്നുപോയി. തിരിഞ്ഞുനോക്കുമ്പോൾ അയാൾ കാക്കയുടെ ശബ്ദമുണ്ടാക്കി എന്നെ ചീത്തവിളിക്കുകയാണ്.

ട്രെയിൻ കിട്ടില്ലേ എന്ന ടെൻഷനിലായിരുന്നു ഞാൻ. രണ്ടു വർഷം മുൻപ് ട്രെയിനിൽവെച്ച് ഇതേ അനുഭവമുണ്ടായല്ലോ എന്നോർത്താണ്് Railway Policeനെ കാണുമോയെന്ന് നോക്കാനായി തിരിച്ചുവന്നത്. അയാൾ കിടന്നിടത്ത് എത്തിയപ്പോൾ എന്നെ കണ്ടതും ചീത്തവിളി വീണ്ടും തുടങ്ങി. അപ്പോഴെടുത്ത video ആണിത്. ഇപ്രാവശ്യം ശബ്ദം കുറച്ചായിരുന്നു ചീത്തവിളി. അവിടെ അടുത്ത സീറ്റിലുണ്ടായിരുന്ന രണ്ടു സഹയാത്രികർ പറഞ്ഞു: 'അയാളെന്തൊക്കെയാണ് ഈ പറയുന്നത്? പോയി റെയിൽവേ പൊലീസിനോട് പറയൂ..'

'റെയിൽവേ പൊലീസൊന്നുമില്ലേ ഇവിടെ' എന്ന് ഒരു ചേച്ചി അമർഷത്തോടെ ചോദിക്കുന്നതുകേട്ടു. റെയിൽവേ പൊലീസിനെ തപ്പി ഒന്ന് നടന്നപ്പോഴേക്കും ട്രെയിനെത്തി. എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ചോദ്യം ഇതായിരുന്നു: മുക്കാൽ ജീവിതവും ലഹരിയിൽ അബോധാവസ്ഥയിൽ കഴിയുന്ന ഈ മനുഷ്യൻ എപ്പോഴാണ്, ആരിൽനിന്നാണ് ഈ വിഷമൊക്കെ പഠിച്ചെടുത്തത്..?

വർഗീയത പ്രചരിപ്പിക്കുന്നതിന്റെ നൂലിഴ നേർത്തുനേർത്ത് വരികയാണോ...

Summary: Racist attack against P Ruksana, JIH Womens Wing Kerala general secretary, at Aluva railway station

Similar Posts