കാസർകോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാര്‍ഥികള്‍
|സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാസർകോട് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാര്‍ഥികള്‍. സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.
അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. 16കാരനായ പ്ലസ് വിദ്യാർഥിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായുന്നു സംഭവം. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയിൽ ഉണ്ട്.
സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതായി വിദ്യാർഥി അഭിനയിച്ചു കാണിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കുട്ടിയുടെ രക്ഷിതാവ് കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.