Kerala
അലൻ റാഗ് ചെയ്‌തിട്ടില്ല; എസ്എഫ്ഐയുടെ പരാതി തള്ളി
Kerala

അലൻ റാഗ് ചെയ്‌തിട്ടില്ല; എസ്എഫ്ഐയുടെ പരാതി തള്ളി

Web Desk
|
6 Dec 2022 8:01 AM GMT

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ അലനും സുഹൃത്തുക്കളും ചേർന്ന് റാഗ് ചെയ്തെന്നായിരുന്നു എസ് എഫ് ഐയുടെ പരാതി

കണ്ണൂർ: അലൻ ഷുഹൈബിനെതിരെ എസ് എഫ് ഐ നൽകിയ റാഗിങ് പരാതി കണ്ണൂർ സർവകലാശാല ആന്റി റാഗിങ് സെൽ തള്ളി. കോളേജ് ക്യാമ്പസിലെ സംഘർഷത്തിന് തുടക്കമിട്ടത് പരാതിക്കാരനായ അതിൻ ആണെന്നും റിപ്പോർട്ടിലുണ്ട്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ അലനും സുഹൃത്തുക്കളും ചേർന്ന് റാഗ് ചെയ്തെന്നായിരുന്നു എസ് എഫ് ഐയുടെ പരാതി. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയ വണ്ണിന് ലഭിച്ചു.

കഴിഞ്ഞ നവംബർ രണ്ടിനായിരുന്നു പരാതിക്ക് ആധാരമായ സംഭവം. ക്യാമ്പസിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായ അധിൻ സുബിയെ അലൻ ഷുഹൈബും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചുവെന്നായിരുന്നു പരാതി. പിന്നാലെ അലനെയും രണ്ട് സുഹൃത്തുക്കളെയും ധർമ്മടം പൊലീസ് കസ്റ്റടിയിലെടുത്തു. എന്നാൽ ക്യാമ്പസിലെ ആന്റി റാഗിംഗ് സെല്ലിന്റെ റിപ്പോർട്ട്‌ ലഭിക്കാതെ റാഗിംഗ് പരാതിയിൽ കേസ് എടുക്കാനാവില്ലന്ന് ചൂണ്ടിക്കട്ടി പൊലീസ് പരാതി മടക്കി. പിന്നാലെയാണ് ക്യാമ്പസ് ഡയറക്ടർ ഡോ. എം സിനിയുടെ നേതൃത്വത്തിലുള്ള 13 അംഗ കമ്മിറ്റി പരാതിയിൽ അന്വേഷണം നടത്തിയത്.

നവംബർ 28ന് ചേർന്ന ആന്റി റാഗിംഗ് കമ്മിറ്റി പരാതി വ്യാജമാണന്നു കണ്ടെത്തി. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങളുടെയും വിദ്യാർത്ഥികളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കമ്മിറ്റി പരാതി വ്യാജമാണന്ന് കണ്ടെത്തിയത്. മാത്രമല്ല, കോളേജിൽ സംഘർഷത്തിന് തുടക്കമിട്ടത് പരാതിക്കാരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ക്യാമ്പസിൽ ഇരു വിഭാഗം വിദ്യാർത്ഥികൾ ഇന്നും സംഘർഷമുണ്ടായി. സംഘർഷത്തിൽ രണ്ടാം വർഷ വിദ്യാർത്ഥി മുർഷിദിന് പരിക്കേറ്റിട്ടുണ്ട്.

Similar Posts