Kerala
Canara Fish Farmers Welfare Producer Company Director Rahul Chakrapani arrested in Kasaragod investment fraud case
Kerala

കാസർകോട് നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

Web Desk
|
24 March 2024 2:00 AM GMT

കോടികളുടെ നിക്ഷേപം സ്വീകരിച്ചാണ് കാനറ ഫിഷ് ഫാർമേഴ്‌സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനി തട്ടിപ്പ് നടത്തിയത്

കാസർകോട് നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. കാനറ ഫിഷ് ഫാർമേഴ്‌സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനി ഡയറക്ടർ രാഹുൽ ചക്രപാണിയെ കാസർകോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കമ്പനിയിലെ നിക്ഷേപകനായ കാസർകോട് മധൂർ സ്വദേശി സാബ് ഇസ്ഹാഖിന്റെ പരാതിയിലാണ് രാഹുൽ ചക്രപാണിയെ അറസ്റ്റ് ചെയ്തത്. വിശ്വാസ വഞ്ചനാകുറ്റം ചുമത്തിയാണ് അറസ്റ്റ്.

ചക്രപാണി രാവിലെ ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് നിക്ഷേപകരായ എട്ടുപേർ ചേർന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ച് കൊണ്ട് വരികയായിരുന്നു. കാസർകോട് നഗരത്തിൽ വ്യാപാരിയായ മധൂർ സ്വദേശി സാബ് ഇസ് ഹാഖ് കമ്പനിയിൽ നിക്ഷേപിച്ച 2.94 ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ 2022 ഡിസംബർ 21 ന് പ്രവർത്തനം തുടങ്ങിയ ഓഫീസ് 2023 ഡിസംബർ മുതൽ തുറന്ന് പ്രവർത്തിച്ചിരുന്നില്ല. ഇതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്ത് വന്നത്.

കേരള, കർണാടക സംസ്ഥാനങ്ങളിലായി 15 ശാഖകളാണ് കമ്പനിക്കുള്ളത്. ഇവിടങ്ങളിൽ നിന്നായി കോടികളുടെ നിക്ഷേപം സ്വീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കമ്പനി ഡയറക്ടർ രാഹുൽചക്രപാണി നേരത്തെയും നിക്ഷേപ തട്ടിപ്പു കേസുകളിൽ പ്രതിയായിട്ടുണ്ട്. നിലവിൽ കാസർകോട് സ്റ്റേഷനിൽ അഞ്ച് പരാതികൾ രജിസ്റ്റർ ചെയ്തു. കൂടുതൽ നിക്ഷേപകർ പരാതി നൽകാൻ ഒരുങ്ങുകയാണ്. മത്സ്യതൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കാരിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കമ്പനി തട്ടിപ്പ് നടത്തിയ വാർത്ത മീഡിയവണാണ് പുറത്ത് കൊണ്ട് വന്നത്.



Similar Posts