'രാഷ്ട്രീയം പറഞ്ഞാൽ ഭർത്താവ് ജയിലിൽ തന്നെ കിടക്കും, ഹിന്ദു സവർണ അഭിഭാഷകനെ തന്നെ നിയമിക്കണം': സിദ്ദീഖ് കാപ്പന്റെ ഭാര്യയോട് രാഹുൽ ഈശ്വർ
|"ഞങ്ങളുടെ ആളുകൾ നിങ്ങളെ സഹായിക്കില്ല. അവിടങ്ങളിൽ കൂടുതലും ഞങ്ങളുടെ സമുദായത്തിലെ ആള്‍ക്കാരാണ്. അതായത് സവര്‍ണ ഹിന്ദുക്കളും ബ്രാഹ്‌മണരും"
യുപി ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കുന്നതിനായി ഹിന്ദു അഭിഭാഷകനെ തന്നെ നിയമിക്കണമെന്ന് രാഹുൽ ഈശ്വർ. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് രാഹുലിന്റെ പരാമർശങ്ങൾ. രാഷ്ട്രീയം പറഞ്ഞാൽ ഭർത്താവ് ജയിലിൽ തന്നെ കിടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ കൂടുതലും സവർണ ഹിന്ദുക്കളും ബ്രാഹ്‌മണരുമാണ്. രാഷ്ട്രീയം സംസാരിച്ചാൽ മഅ്ദനിയെ പോലെ വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വരും. ഡോ കഫീൽ ഖാനെ പോലുള്ള ഒരാൾക്കു പോലും ആറു മാസം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്- രാഹുൽ ചൂണ്ടിക്കാട്ടി.
രാഹുൽ ഈശ്വര്‍ പറഞ്ഞത്
'ഒരു രാഷ്ട്രീയ പാര്‍ട്ടിയും നിങ്ങളെ പിന്തുണയ്ക്കാൻ പോകുന്നില്ല. നല്ല ബിജെപിക്കാരുണ്ട്. അവർ പിന്തുണച്ചാൽ ഇസ്ലാമിസ്റ്റുകള്ക്ക് കുട പിടിക്കുന്നുവെന്നോ, ദേശീയതയിൽ വെള്ളം ചേര്ക്കുന്നൂവെന്നോ ആരോപണം വരും. സിദ്ധീഖ് കാപ്പനോടും അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ഐഡിയോളജിയോടും എതിര്‍പ്പുള്ള വ്യക്തിയാണ് ഞാൻ. 124 എ, 153 എ, 295 ഇതിലാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഒരു ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടു, ഇതോടെ രാജ്യത്തെ ദളിതുകൾ സേഫ് അല്ലെന്നും അതിന് ഉത്തരവാദി സവര്‍ണരും ബ്രാഹ്‌മണരുമാണെന്നാണ് ഇവർ സംഭവത്തിലൂടെ വിവരിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ ആളുകൾ നിങ്ങളെ സഹായിക്കില്ല. അവിടങ്ങളിൽ കൂടുതലും ഞങ്ങളുടെ സമുദായത്തിലെ ആള്‍ക്കാരാണ്. അതായത് സവര്‍ണ ഹിന്ദുക്കളും ബ്രാഹ്‌മണരും. അതുകൊണ്ട് സംഭവിക്കാൻ പോകുന്നത് മഅ്ദനിയെ പോലെ വര്‍ഷങ്ങൾ കടന്നുപോകും. ഡോക്ടർ കഫീൽ ഖാനെ പോലെയുള്ള ഒരാൾ പോലും ആറു മാസം ജയിലിൽ കിടന്നു.'