Kerala
Rahul Gandhi assured Nabisa that house can be built and given
Kerala

'വീട് നിർമിച്ച് നൽകാം; കൊച്ചുമകളുടെ വിവാഹവും നടത്താം'; നബീസയ്ക്ക് ഉറപ്പുനൽകി രാഹുൽഗാന്ധി

Web Desk
|
2 Aug 2024 9:17 AM GMT

ദുരന്തത്തിൽ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിക്കുമ്പോഴാണ് രാഹുൽഗാന്ധി എം.പിയോട് നബീസയടക്കമുള്ള നിരവധി പേർ സങ്കടം പറഞ്ഞത്.

മേപ്പാടി: 'ഉരുൾപൊട്ടലിൽ വീട് പോയി, കൊച്ചുമകളുടെ കല്യാണം നടക്കാനിരിക്കുകയാണ്, കൈവിടരുത് സാറേ...'- ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ ഗാന്ധി എം.പിയോട് സങ്കടം പറയുകയാണ് നബീസ. പ്രയാസങ്ങൾ കേട്ട രാഹുൽഗാന്ധി, വീട് വച്ച് തരാം എന്ന് നബീസയ്ക്കും കുടുംബത്തിനും ഉറപ്പ് നൽകി. മേപ്പാടി സെന്റ.് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന നബീസയ്ക്കും കുടുംബത്തിനുമാണ് രാഹുൽ ഗാന്ധി ഉറപ്പുനൽകിയത്.

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സന്ദർശിക്കുമ്പോഴാണ് രാഹുൽഗാന്ധി എം.പിയോട് നബീസയടക്കമുള്ള നിരവധി പേർ സങ്കടം പറഞ്ഞത്. ഇവർക്ക് പറയാനുള്ളത് കേട്ട രാഹുൽഗാന്ധിയും കോൺഗ്രസ് നേതാക്കളുടെ സംഘവും ആശ്വാസമേകി. രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രിയങ്ക ഗാന്ധിയും ടി. സിദ്ധീഖ് എം.എൽ.എയുമുണ്ടായിരുന്നു.

കൊച്ചുമകളുടെ വിവാഹം നടക്കാനിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ അതും നടത്തിത്തരാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറപ്പ് നൽകി. 'വീട് വരും, സേഫ് ആയ സ്ഥലത്ത് വീട് വച്ചുതരും. വിവാഹവും നടത്തിത്തരും. ഒന്നും പേടിക്കേണ്ട'- സതീശൻ പറഞ്ഞു. നവംബറിലാണ് കല്യാണമെന്ന് നബീസ പറഞ്ഞപ്പോൾ, വിഷമിക്കേണ്ടെന്ന് രാഹുൽ ഗാന്ധിയുടെ മറുപടി. ഇവർക്കൊപ്പം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കുടുംബത്തെ ആശ്വസിപ്പിച്ചു.

Similar Posts